പാലാ ജനറൽ ആശുപത്രിയിൽ അക്രമം നടത്തിയ പ്രതി പിടിയിൽ

Wednesday 14 December 2022 12:20 AM IST

പാലാ: ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത രാമപുരം അമനകര നെല്ലുകൊട്ടിൽ മനു മുരളി (27) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ മദ്യപിച്ച് എത്തിയ പ്രതി വനിതാ വാർഡിൽ കയറാൻ ശ്രമിച്ചു. ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെ ആശുപത്രിയിൽ ഉള്ളവർക്ക് നേരേ അസഭ്യ വർഷം നടത്തുകയും തടഞ്ഞ സെക്യൂരിറ്റിക്കാരനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെ കാൻസർ വാർഡിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത പ്രതിയെ പാലാ പൊലീസെത്തി പിടികൂടുകയായിരുന്നു. പാലാ പൊലീസ് സ്റ്റേഷൻ സി.ഐ കെ.പി ടോംസന്റെ നേതൃത്വത്തിൽ പാലാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അശോകൻ, അസി.സബ് ഇൻസ്‌പെക്ടർ ബിജു കെ.തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, അജു വി തോമസ്, രഞ്ചു പി രാജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.