പാലാ നഗരസഭാ ചെയർമാൻ 28ന് രാജിവയ്ക്കും

Wednesday 14 December 2022 12:00 AM IST

പാലാ. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര 28ന് രാജിവയ്ക്കും. രണ്ടു വർഷം മുമ്പ് ഡിസംബർ 28നാണ് ആന്റോ ചുമതലയേറ്റത്. മുൻധാരണ അനുസരിച്ച് അടുത്ത ഊഴം സി.പി.എമ്മിനാണ്. അവരുടെ ചെയർമാൻ സ്ഥാനാർത്ഥിയെ നിശ്ചയിച്ചു കഴിഞ്ഞതായാണ് സൂചന. എന്നാൽ ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിട്ടില്ല.

രണ്ട് വർഷത്തിനിടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടാണ് ആന്റോ ജോസ് പടിയിറങ്ങുന്നത്. വിവിധ കംഫർട്ട് സ്റ്റേഷനുകളുടെ പുനരുദ്ധാരണം നടത്താൻ ഭരണസമിതിക്ക് കഴിഞ്ഞു. ലോയേഴ്‌സ് ചേംബർ ഉദ്ഘാടനം, നഗരസഭാ പ്ലാറ്റിനം ജൂബിലിയാഘോഷം ഇവയ്‌ക്കൊക്കെ ചുക്കാൻ പിടിക്കാനും ആന്റോ ജോസിന് കഴിഞ്ഞു.

ഇതേ സമയം പ്രതിപക്ഷമായ യു.ഡി.എഫിലെ അനൈക്യം നഗരസഭയുടെ കുമരകം ടൂറോടെ ഒന്നുകൂടി മറനീക്കി പുറത്തുവന്നു. മനപ്പൂർവമല്ലെങ്കിലും ടൂർ കൊണ്ട് പ്രതിപക്ഷത്തെ രണ്ടു തട്ടിലാക്കാൻ കഴിഞ്ഞു എന്നുള്ളത് ഭരണമുന്നണിയുടെ നേട്ടമാണ്. ഇത് ബുദ്ധിപരമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇടതു മുന്നണിയുടെ ചെയർമാൻ സ്ഥാനാർത്ഥിയ്ക്ക് അത് കൂടുതൽ കരുത്താകും. പ്രതിപക്ഷത്തെ ഒരു വിഭാഗം ചെയർമാൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള ആലോചനയിലുമാണ്.

'ഒപ്പം നിൽക്കേണ്ട ഞങ്ങളെ തോൽപ്പിച്ച് ഭരണപക്ഷത്തോടൊപ്പം ടൂർ പോയ പ്രതിപക്ഷ നേതൃത്വത്തെ ഇനിയും അംഗീകരിക്കണോ എന്നത് ഞങ്ങൾ ആലോചിച്ചു വരികയാണ്. എന്തായാലും ഞങ്ങളിപ്പോൾ രണ്ടു തട്ടിലാണ്. ചെയർമാൻ തിരഞ്ഞെടുപ്പിലും ഞങ്ങളുടെ വഴി നോക്കാൻ ഞങ്ങൾക്കറിയാം...' ജോസഫ് ഗ്രൂപ്പിലെ ഒരു കൗൺസിലർ തുറന്നടിച്ചു.

നഗരസഭാ കൗൺസിലിലെ നിലവിലുള്ള പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ജോസഫ് വിഭാഗം ഉയർത്തുന്നുണ്ട്. ഇക്കാര്യം യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കാനാണ് നീക്കം.

അതേ സമയം ഇപ്പോഴത്തെ തങ്ങളുടെ പാർലമെന്ററി പാർട്ടി ലീഡർ എല്ലാവർക്കും അനുയോജ്യനാണെന്നും അദ്ദേഹത്തെ മാറ്റുന്ന കാര്യം ചിന്തിക്കുക പോലും വേണ്ടെന്നും ഒരു കോൺഗ്രസ് കൗൺസിലർ പറഞ്ഞു.

ഇതിനിടെ യു ഡി.എഫ്. കൗൺസിലർമാർക്കിടയിലെ അനൈക്യം ഏതു വിധേനയും പരിഹരിക്കാനുള്ള നീക്കവുമായി യു.ഡി.എഫ്. പാലാ മണ്ഡലം നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. കൗൺസിലർമാരെ മുഴുവൻ വിളിച്ചു കൂട്ടി പ്രശ്‌ന പരിഹാരമുണ്ടാക്കാനാണ് നീക്കം.