മലയോരം എങ്ങനെ ഉറങ്ങും: കാട്ടാനയ്ക്കും കടുവക്കും നടുവിൽ

Tuesday 13 December 2022 9:01 PM IST
പാലത്തുംകടവിൽ കാട്ടാന തകർത്ത കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷ

ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ച കടുവയുടെ ഭീതി വിട്ടുമാറുംമുമ്പെ മലയോരത്ത് കാട്ടാനയുടെ പരാക്രമവും. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തുംകടവിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ഓട്ടോറിക്ഷ തകർത്തു. കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. ഇവിടെ വ്യാപകമായി കാർഷികവിളകളും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ബാബുവിന്റെ ഓട്ടോറിക്ഷ തകർത്തത്. പാലത്തുംകടവ് കരിമല റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട് തകർക്കുകയായിരുന്നു. ഈ മേഖലയിൽ വ്യാപകമായി വാഴ, തെങ്ങ്, കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിപ്പിച്ചു. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും നശിപ്പിച്ചു. ജയ്സൺ പുരയിടം, സജി കല്ലുമ്മേപുറത്ത്, ജോളി വാവച്ചൻ, കൊരക്കാല ബിജു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ബാബുവിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു തകർക്കപ്പെട്ട ഓട്ടോറിക്ഷ .

വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് പൂർത്തിയാക്കാത്തതും പൂർത്തിയായവ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ജനപ്രതിനിധികളും ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു .