'ഹൃദ്യം' ആറു വർഷം; തിരിച്ചുപിടിച്ചു 5041 കുഞ്ഞുങ്ങളെ

Tuesday 13 December 2022 9:12 PM IST

കണ്ണൂർ : ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ കഴിഞ്ഞ ആറു വർഷത്തിനിടെ തിരിച്ചു പിടിച്ചത് 5,041 കുഞ്ഞുങ്ങളുടെ ജീവൻ. ഈ വർഷം ഇതുവരെ 1,200 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഇതിൽ 479 കുഞ്ഞുങ്ങൾ ഒരു വയസിന് താഴെയുള്ളവരാണ്.

ഇതുവരെ 98 കുട്ടികൾക്ക് പരിശോധന നടത്തി, അതിൽ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി. ആയിരത്തിൽ എട്ട് കുട്ടികൾക്ക്

ഹൃദ്രോഗം കാണുന്നുവെന്നാണ് കണക്ക്. അതിൽ തന്നെ 50 ശതമാനം കുട്ടികൾക്ക് ചികിത്സ വേണം. ഇവരിൽ കുറച്ചുപേർക്ക് ശസ്ത്രക്രിയ അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് ഹൃദ്യം അഭയമാകുന്നത്.

സ്വകാര്യ മേഖലയെക്കൂടി പങ്കെടുപ്പിച്ചാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. ഒൻപത് സർക്കാർ, സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഇത്തരത്തിൽ വളരെ അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും പദ്ധതി വഴി ഒരുക്കിയിട്ടുണ്ട്.

ചികിത്സ 18 വയസ്സുവരെ

നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പോലും പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുന്നത്.

വിളിക്കു

ദിശ 1056 ( ടോൾ ഫ്രീ)​

ചികിത്സ ഇവിടെ

കോഴിക്കോട് മിംസ് ഹോസ്പിറ്റൽ
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
കൊച്ചി ആസ്റ്റർ മെഡിസിറ്റി
എറണാകുളം ലിസ്സി ഹോസ്പിറ്റൽ
കോട്ടയം മെഡിക്കൽ കോളേജ്
തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
തിരുവനന്തപുരം എസ്.എ.ടി ആശുപത്രി

കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകമായ രീതിയിൽ ഹൃദ്യം പദ്ധതി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും.

വീണാ ജോർജ്, ആരോഗ്യമന്ത്രി

Advertisement
Advertisement