പ്രതാപം അയവിറക്കി നെടുങ്കണ്ട കുമ്മായം
നീലേശ്വരം: ഉയർന്നുനിൽക്കുന്ന കുഴലുകളിൽ നിന്ന് ആകാശത്തേക്ക് ഉയരുന്ന പുകയും നീറ്റുകക്കയുടെ മണവുമൊക്കെയായി ദേശീയപാത വഴി യാത്ര ചെയ്യുന്നവരെല്ലാം ശ്രദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നീലേശ്വരം പുഴയോരത്തെ നെടുങ്കണ്ട പ്രദേശത്തിന്. ഒന്നും രണ്ടുമല്ല, ഒൻപത് കുമ്മായകമ്പനികൾ തലയെടുപ്പോടെ പ്രവർത്തിച്ചിരുന്നു ഒരുകാലത്ത്. കാർഷിക,വ്യാവസായിക ആവശ്യങ്ങൾക്ക് പിടിവലി ഉള്ള പരമ്പരാഗത കുമ്മായം ഉത്പാദിപ്പിക്കുന്ന ഒറ്റ കമ്പനിയിൽ ഒതുങ്ങുന്നു നെടുങ്കണ്ടയുടെ പ്രാതിനിധ്യം.
75 വർഷം പഴക്കമുള്ള ലക്ഷ്മി ലൈം ഇൻഡസ്ട്രീസ് മാത്രമാണ് ഇന്ന് ഇവിടെ പിടിച്ചുനിൽക്കുന്നത്.നെടുങ്കണ്ടയോട് ചേർന്നുള്ള പടന്നക്കാട്, നമ്പ്യാർക്കൽ തോട്ടം,കച്ചേരിക്കടവ് എന്നിവിടങ്ങളിലായാണ് നേരത്തെ മറ്റ് കമ്പനികളെല്ലാം പ്രവർത്തിച്ചിരുന്നത്. അസംസ്കൃത വസ്തുക്കളായ കക്കക്കും ചിരട്ടക്കരിക്കും വില കൂടിയതും തൊഴിലാളികളുടെ കൂലിയുണ്ടായ വർദ്ധനവും കൂടിയായപ്പോഴാണ് ഇവിടുത്തെ മറ്റ് കമ്പനികൾ അടച്ചുപൂട്ടിയത്. കേന്ദ്രസർക്കാർ അഞ്ചുശതമാനം ജി.എസ്.ടി കൂടി ചുമത്തിയതോടെ കമ്പനികളുടെ അടിത്തറയിളകി.
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ചെറിയ മുതൽമുടക്കിൽ കുമ്മായം ഇറക്കിത്തരാമെന്ന വാഗ്ദാനവുമായി ചില കമ്പനികൾ എത്തിയിരുന്നെന്ന് അമ്പാടി പറയുന്നു. ഉപയോഗശൂന്യമായ ടൈൽസ് പൊടിച്ചുണ്ടാക്കുന്ന ഈ കുമ്മായം പൂർണമായും വ്യാജമാണ്. കൃഷിയാവശ്യത്തിനും മറ്റും ഒരു തരത്തിലും ഗുണം ചെയ്യാത്ത ഇവ പരിശോധനയ്ക്ക് വിധേയമാകാത്തത് വലിയ തോതിൽ മുതലെടുക്കപ്പെടുന്നതായും ഈ പരമ്പരാഗത കുമ്മായവ്യവസായി വെളിപ്പെടുത്തി.
കക്കയ്ക്ക് ആയിരത്തിൽ നിന്ന് ആറായിരമായി
കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് ഒരു ടൺ കക്കയ്ക്ക് 1000 എന്നത് ഇപ്പോൾ 6000 രൂപയായി. ചിരട്ടക്കരിയുടെ വിലയാകട്ടെ ആയിരത്തിൽ നിന്ന് മൂവായിരം രൂപയിലെത്തി. കിലോയ്ക്ക് പന്ത്രണ്ടുമുതൽ പതിമൂന്നു രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. കാർഷികമേഖലയിൽ ഒഴിച്ചുകൂടാൻ കഴിയാത്തതായി കുമ്മായം ഇപ്പോൾ മാറിയിട്ടുണ്ട്. കൃഷിഭവൻ മുഖാന്തിരമാണ് ലക്ഷ്മി ലൈം ഇൻഡസ്ട്രീസിന് കൂടുതലും ഓർഡറുകൾ ലഭിക്കുന്നത്. ഏഴ് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന കുമ്മായത്തിന് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണം. ഇല്ലെങ്കിൽ പരമ്പരാഗത കുമ്മായ നിർമ്മാണ കമ്പനികൾ തകരും. തൊഴിലാളികൾ വഴിയാധാരമാകും.
കെ.വി.അമ്പാടി പ്രൊപ്രൈറ്റർ ലക്ഷ്മി ലൈം ഇൻഡസ്ട്രീസ്
കൂലിയിൽ വർദ്ധനവുണ്ടായിട്ടുണ്ട് .പക്ഷെ തൊഴിൽ ദിനങ്ങൾ കുറഞ്ഞു. പരമ്പരാഗത കുമ്മായ കമ്പനികൾ ഒട്ടുമിക്കതും അടച്ചു പൂട്ടി. കേന്ദ്രം നികുതി ഒഴിവാക്കിയാൽ ചെറിയ ആശ്വാസം ലഭിക്കും വലിയ കമ്പനികളുടെ കുമ്മായത്തെക്കാൾ കാർഷിക ആവശ്യത്തിന് ഗുണം പരമ്പരാഗത കുമ്മായമാണ്. മിക്കവരും ഉപയോഗിക്കുന്നത്-
എം.യശോദ ,തൊഴിലാളി