അമ്മയും കുഞ്ഞും മരിച്ച സംഭവം, രോഗികളുടെ സ്ഥിതി അറിയിക്കാൻ സ്ഥിരം സംവിധാനം വേണം: കമ്മിഷൻ
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ ആരോഗ്യസ്ഥിതി യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കണമെന്ന്, അമ്മയും കുഞ്ഞും മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ ശുപാർശ നൽകി.
രോഗീപരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാർ സൗമ്യ സ്വഭാവം കാണിക്കാറില്ലെന്ന് റിപ്പോർട്ടിലുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള മേഖലകളിലെ ജീവനക്കാർക്ക് പരിശീലനം നൽകണം. ഡോക്ടർമാർക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്പന്നരായ ഡോക്‌ടർമാരായിരുന്നെന്നുമാണ് കമ്മിഷന്റെ കണ്ടെത്തൽ. പൊക്കിൾക്കൊടി പുറത്തുവന്നതിനാലാണ് അടിയന്തര ശസ്ത്രക്രിയയ്‌ക്കായി ആദ്യം വാക്കാൽ ബന്ധുക്കളുടെ സമ്മതം വാങ്ങിയത്. പിന്നീട് അപർണയുടെ ഭർത്താവ് രാംജിത്തിന്റെ അമ്മയുടെ സമ്മതപത്രം എഴുതി വാങ്ങിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.കഴിഞ്ഞയാഴ്ചയാണ് കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞും മരിച്ചത്.
സർജറി വിഭാഗം മേധാവി ഡോ.എൻ.ആർ.സജികുമാർ (ചെയർമാൻ), കാർഡിയോളജി വിഭാഗം മേധാവി ഡോ.വിനയകുമാർ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ജയൻ, ഫോറൻസിക് വിഭാഗം മേധാവി ഡോ.നിധിൻ മാത്യു സാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.ഹരികൃഷ്ണൻ, ചീഫ് നഴ്സിംഗ് ഓഫീസർ കെ.വി.അംബിക എന്നിവരാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ .
റിപ്പോർട്ടിൽ
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി
അപർണയ്ക്ക് നട്ടെല്ലിന് പ്രശ്നം, പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നു
ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ഡോക്ടർമാർ പരിചയസമ്പന്നർ
ഡോ.മീര ലക്ഷ്മി, ഡോ.ബിന്ദു നമ്പീശൻ എന്നിവർക്ക് 14, 17 വർഷത്തെ പരിചയ സമ്പത്ത്
ഡോക്ടർക്കെതിരായ നടപടി :തീരുമാനം പിന്നീട്
ആരോഗ്യ വകുപ്പിന്റെ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോപണ വിധേയയായ ഡോ. തങ്കു കോശിക്കെതിരെ നടപടി വേണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. നിലവിൽ അവർ നിർബന്ധിത അവധിയിലാണ്. ആഭ്യന്തര കമ്മിഷന്റെ റിപ്പോർട്ടിൽ തൃപ്തരല്ലെന്നും മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയെന്നും അപർണയുടെ ബന്ധുക്കൾ പറഞ്ഞു. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അബ്‌ദുൾ സലാം വ്യക്തമാക്കി.