'നമ്മുടെ വീട്' , സിനിമയല്ല, ജീവിതമാണ്

Wednesday 14 December 2022 12:00 AM IST

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ലോക്‌തക് താടകത്തിന്റെ തീരത്തെ കുടിലുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. നഗരത്തിന്റെ ബഹളത്തിൽ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നതേയില്ല, മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മണിപ്പൂരി ചിത്രം ഐഖോയിഗി യം (നമ്മുടെ വീട്) ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചൊറാൻ പറയുന്നതു പോലെ 'അവിടെ വലിയ ബഹളമാണ്. ഉറങ്ങാനാകില്ല'

ചൊറാൻ കുട്ടിയാണ്. അമ്മയും അച്ഛനും ചെറുതോണിയിൽ തടാകത്തിൽപ്പോയി മത്സ്യം പിടിച്ചാണ് ഉപജീവനം നടത്തുന്നത്. അവൻ തടാകത്തിന് അക്കരെയുള്ള സ്കൂളിൽ പോകുന്നതും തോണിയിലാണ്. പഠിക്കാനും കലാപരിപാടികൾക്കും മിടുക്കനാണ്. പെട്ടെന്നാണ് അവന്റെ അച്ഛൻ രോഗിയാകുന്നത്. നഗരത്തിലെ ആശുപത്രിയിലെ ചികിത്സയുണ്ടാക്കിയ കടബാദ്ധ്യത തീർക്കാൻ ഒരു തോണി വിൽക്കേണ്ടിവരുന്നു. അവശേഷിച്ച തോണിയിൽ അമ്മ മീൻപിടിക്കാനും മറ്റുമായി പോകും. അതോടെ അവന് സ്കൂളിൽ പോകാൻ തോണിയില്ലാതെയായി. പുസ്‌തകവും യൂണിഫോമുമെല്ലാം പ്ലാസ്റ്റിക്ക് കവറിലാക്കി തലയിൽ വച്ചുകെട്ടി ചൊറാൻ തടാകം നീന്തി സ്കൂളിലേക്കു പോകും. ഒരിക്കൽ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ തടാകത്തിലൂടെ നീന്തുമ്പോൾ അവൻ മരണത്തിന്റെ ചുഴിയിൽ പെട്ടുപോകുമെന്ന ഉത്കണഠ മുഴുവൻ അനുഭവിക്കുന്നത് പ്രേക്ഷകരാണ്.

അതിനിടെ രാത്രി തടാകത്തിൽ നിന്നും മീൻകോരാനെത്തുന്ന യന്ത്രബോട്ട് നാട്ടുകാരുടെ സമാധാനം കെടുത്തുന്നു. അതിനെതിരെ സംഘടിക്കുന്നതിനിടയിൽ ഒരു വികസന പദ്ധതിയുടെ പേരിൽ മത്സ്യത്തൊഴിലാളികൾ പ്രദേശത്തുനിന്നും ഒഴിയണമെന്ന് മണിപ്പൂരി സർക്കാരിന്റെ അറിയിപ്പ് വരുന്നു. പ്രദേശത്തെ കുടിലുകൾ കത്തുന്നരംഗം ടി.വി ചാനൽ വാ‌ർത്തയിൽ കാണുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

2011ൽ ലോക്‌തക് തടാകതീരത്തുണ്ടായ കുടിയിറക്കൽ പ്രശ്നമാണ് റോമി മേയ്‌തേയ് മയാൻഗ്ലംബം സിനിമയാക്കിയത്. ഒരു പതിറ്റാണ്ട് മുമ്പ് മത്സ്യത്തൊഴിലാളികളുടെ കുടിയിറക്കം ആരംഭിച്ചപ്പോഴേ അദ്ദേഹം അവിടെയെത്തി. ദുരിതബാധിത കുടുംബങ്ങളുമായി ആശയവിനിമയം നടത്തി. അവരെ സഹായിച്ചു. ഇപ്പോൾ അവരെക്കുറിച്ച് സിനിമയുമെടുത്തു. ആ സിനിമയിൽ കേന്ദ്രകഥാപാത്രമായ ചൊറാനെ അവതരിപ്പിക്കാനായി ബാലതാരത്തേയും അവർക്കിടയിൽ നിന്നുതന്നെ കണ്ടെത്തി. നിങ്ജം പ്രിയോജിത് എന്ന ബാലതാരത്തെക്കുറിച്ച് പറയുമ്പോൾ റോമി ഗൗരവം വിട്ട് ചിരിക്കും. ''അഞ്ചുപേരിൽ നിന്നാണ് അവനെ തിരഞ്ഞെടുത്തത്. നീന്താനൊക്കെ വലിയ മടിയാണ്. ചിലപ്പോൾ ആ വികൃതികുട്ടൻ എനിക്ക് നീന്താൻ വയ്യെന്നും പറഞ്ഞിരുന്നുകളയും. അവന്റെ മൂഡ് ശരിയാകുന്നതും കാത്ത് നമ്മളിരിക്കും''

ആഗോളവത്കരണത്തിനെതിരെയുള്ള ശബ്ദമാണല്ലോ സിനിമ?

നമ്മുടെ പൂർവികരിൽനിന്ന് പൈതൃകമായി ലഭിച്ചവ ആഗോളവത്‌കരണത്തിന്റെ ഫലമായി നഷ്‌ടമായിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും ഇത് സംഭവിക്കുന്നു. പക്ഷേ, ആഗോളവത്‌കരണത്തെയോ ബുദ്ധിശൂന്യമായ വികസനത്തേയോ തടയാൻ കഴിയില്ല. ഒരു കാലാകാരനെന്ന നിലയിൽ പ്രശ്നത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. സർക്കാരിനെ വിമർശിച്ചിട്ടില്ല. പക്ഷേ, ബാധിക്കപ്പെടുന്നവരുടെ ജീവിതങ്ങളെ പകർത്തിയെടുത്തു. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ഒരാളൊഴികെ എല്ലാവരും തദ്ദേശീയരാണ്.

ഇപ്പോൾ അവിടത്തെ അവസ്ഥ എന്താണ് ?

ഇപ്പോൾ കുടിയിറക്കമില്ല. കുറച്ചുപേർ ഇപ്പോഴും അവിടെ കഴിയുന്നുണ്ട്. അവരെ കേൾക്കാൻ ഇപ്പോൾ മണിപ്പൂർ സ‌ർക്കാർ തയ്യാറാകുന്നതാണ് ആശ്വാസം. നഗരത്തിലെ അപ്പാർട്ട്‌മെന്റുകളിലോ സൊസൈറ്റി ബ്ലോക്കുകളിലോ താമസിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി ചെറുസമൂഹങ്ങളായി കഴിയുന്നതിലാണ് അവർ സന്തോഷം കണ്ടെത്തുന്നത്.

ഐ.എഫ്.എഫ്.കെയിൽ ഇതാദ്യമാണല്ലോ?

അതെ, പക്ഷേ, 2013ൽ ഡോക്യുമെന്ററി ഫെസ്റ്റിവലിന് ഞാൻ എത്തിയിരുന്നു. സിനിമയെ ഗൗരവത്തിൽ കാണുന്നവരാണ് ഇവിടെയുള്ളവർ.

കരിയറിൽ 40 ലേറ സിനിമകൾ ഒരുക്കിയിട്ടുണ്ടല്ലോ?

ആദ്യമൊക്കെ കൂടുതലും വാണിജ്യ സിനിമകളാണൊരുക്കിയത്. അതിലിപ്പോൾ സന്തോഷമൊന്നുമില്ല. നാൽപ്പത് ഒരു വലിയ സംഖ്യയാണ് . ജീവിതകാലം മുഴുവൻ മനുഷ്യന്റെ കഥകൾ പറയുക മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യം. മണിപ്പൂരിലെ മിക്ക തിയേറ്ററുകളിലും മണിപ്പൂരി സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ബോളിവുഡ് സിനിമ വളരെ കുറച്ചേ എത്താറുള്ളൂ. ഞാനും സുഹൃത്തുക്കളും സിനിമാപ്രേമികൾക്കായി ലോക സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്.