തലചുറ്റിയിട്ടും യാത്രക്കാരെ കൈവിടാതെ ട്രാൻ. ഡ്രൈവർ

Wednesday 14 December 2022 1:24 AM IST

അമ്പലപ്പുഴ : ഡ്രൈവിംഗിനിടെ തലചുറ്റൽ അനുഭവപ്പെട്ടിട്ടും മനസ്സാന്നിദ്ധ്യം കൈവിടാതെ ബസ് ഒതുക്കി നിർത്തി യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ. എടത്വ ഡിപ്പോയിലെ ഡ്രൈവർ പുന്നപ്ര തെക്ക് പഞ്ചായത്ത് പള്ളിക്കൂടം വെളിയിൽ അബ്ദുൾ ഗഫൂറിനാണ് (53) ജോലിക്കിടെ തലചുറ്റൽ അനുഭവപ്പെട്ടത്.

ഇന്നലെ രാവിലെ 11.15ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 57 യാത്രക്കാരുമായി തിരുവല്ലക്കു പോയ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറായിരുന്നു ഗഫൂർ. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്തുവച്ചാണ് ഗഫൂറിന് തലചുറ്റൽ അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തിയ ശേഷം ഗഫൂർ സീറ്റിൽ കുഴഞ്ഞു വീണു. കണ്ടക്ടർ അജിത്ത് അതുവഴി വന്ന കാറിൽ കയറ്റി ഗഫൂറിനെ തലവടി ഗവ.ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ഇ.സി.ജി മെഷീൻ ഇല്ലാത്തതിനെ തുടർന്ന്, വിവരം അറിഞ്ഞ് എടത്വ ഡിപ്പോയിൽ നിന്നെത്തിയ കണ്ടക്ടർ ഷെഫീഖിനെയും കൂട്ടി അജിത്ത് ഗഫൂറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇ.സി.ജി യിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. യാത്രക്കാരെ മറ്റൊരു ബസിൽ തിരുവല്ലയിലേക്കു കയറ്റിവിട്ടു.