കൊല്ലം എസ്.എൻ കോളേജിൽ പതിയിരുന്ന ഛിദ്രശക്തികൾ

Wednesday 14 December 2022 12:00 AM IST

ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ യുടെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ വല്യേട്ടന്മാരുടെ കൈക്കരുത്ത് നന്നായറിഞ്ഞു. കൊച്ചനിയന്മാരായാലും വല്യേട്ടന്മാരുടെ വിഹാരകേന്ദ്രത്തിൽ കയറി കളിച്ചാൽ തല്ലുകൊള്ളുമെന്ന് കൊല്ലം എസ്.എൻ കോളേജിലെ എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് ഡിസംബർ ഏഴിനാണ് മനസിലായത്. കൊല്ലം ശ്രീനാരായണ കോളേജിൽ എസ്.എഫ്.ഐ നടത്തിയ അഴിഞ്ഞാട്ടത്തിലും ക്രൂരമർദ്ദനത്തിലും എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 15 പേർക്കാണ് പരിക്കേറ്റത്. കത്തിയും കമ്പിവടിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ടുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യുടെ മേൽക്കോയ്മ തകർത്ത് 15 ഓളം സീറ്റുകളിൽ എ.ഐ.എസ്.എഫ് വിജയിച്ചതാണ് എസ്.എഫ്.ഐ യെ പ്രകോപിപ്പിച്ചത്. എസ്.എൻ കോളേജിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും വിദ്യാർത്ഥി സംഘർഷവും അക്രമവും മൂലം കലാലയ അന്തരീക്ഷം ഏറെ കലുഷിതമായി. എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ് നിലത്ത് വീണവരെ സംഘംചേർന്ന് ചവിട്ടി. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിക്കയറിയ വിദ്യാർത്ഥിയെ അവിടെയിട്ടും മർദ്ദിച്ചു. ക്ളാസ് മുറിയിൽ പൂട്ടിയിട്ട രണ്ട് വിദ്യാർത്ഥിനികളെ സി.പി.ഐ ജില്ലാ സെക്രട്ടറിയും എം.എൽ.എ യുമായ പി.എസ് സുപാലിന്റെ നേതൃത്വത്തിലെത്തിയ പാർട്ടി നേതാക്കളാണ് രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് വൻ പൊലീസ് സംഘം എത്തിയെങ്കിലും കാഴ്ചക്കാരായി നിന്നു.

അക്രമങ്ങളിലൂടെയും ഗുണ്ടായിസത്തിലൂടെയും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മറ്റൊരു സംഘടനയ്ക്കും പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കാതെ ഏകാധിപത്യ നിലപാട് സ്വീകരിക്കുന്ന എസ്.എഫ്.ഐ യെ ചൊടിപ്പിച്ച കാരണം ഇക്കുറി എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിക്കുകയും വിദ്യാർത്ഥികൾ മത്സരിക്കുകയും ചെയ്തതാണ്. എസ്.എഫ്.ഐ അക്രമം ഭയന്ന് ഇവിടെ മറ്റു സംഘടനകളൊന്നും കാലങ്ങളായി മത്സരിക്കാൻപോലും ഭയപ്പെട്ടിരുന്നു. പുറത്തുനിന്നെത്തിയ അക്രമികളുടെ സഹായത്തോടെയാണ് പെൺകുട്ടികളടക്കമുള്ള പ്രവർത്തകരെ തല്ലിച്ചതച്ചതെന്നാണ് എ.ഐ.എസ്.എഫ് ആരോപിക്കുന്നത്. ഈ വർഷം യൂണിറ്റ് രൂപീകരിച്ചതു മുതൽ ഭീഷണിയുണ്ടായിരുന്നതായി അവർ പറഞ്ഞു. കൊടി ഉയർത്തിയതുപോലും പൊലീസ് സാന്നിദ്ധ്യത്തിലായിരുന്നു. 3400 ഓളം വിദ്യാർത്ഥികളുള്ള കോളേജിൽ 128 ക്ളാസ് പ്രിതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. 45 സീറ്റിൽ എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികളെ നിറുത്തിയെങ്കിലും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി 24 നാമനിർദ്ദേശ പത്രികകൾ പിൻവലിപ്പിച്ചു. മത്സരം നടന്ന 21 സീറ്റിൽ 15 ൽ എ.ഐ.എസ്.എഫ് വിജയിച്ചു. ജനറൽ സീറ്റിൽ മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥിയും പരാജയപ്പെട്ടു. ഈ സീറ്റിൽ വിജയിച്ച വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേരെയാണ് ക്ളാസ് മുറിയിൽ പൂട്ടിയിട്ടത്. കുറെ വർഷങ്ങളായി ഇവിടെ മത്സരമില്ല. എല്ലാ സീറ്റുകളിലും എസ്.എഫ്.ഐ ക്കാർ പത്രിക നൽകും. എതിരാളികളായി ആരും വരാത്തതിനാൽ അവർ ജയിക്കും. ആരെങ്കിലും മത്സരിക്കാൻ പത്രിക നൽകിയാൽ വീട്ടുകാരെവരെ വിളിച്ച് മക്കൾ ജീവനോടെ കാണില്ലെന്ന് ഭീഷണിപ്പെടുത്തുകയും പത്രിക പിൻവലിപ്പിക്കുകയുമായിരുന്നു രീതി. എസ്.എൻ കോളേജ് കാമ്പസിൽ രാഷ്ട്രീയം നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ തേർവാഴ്ച.

നാല് പേർ അറസ്റ്റിൽ

സി.പി.ഐ പ്രതിഷേധം

അക്രമവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐ പ്രവർത്തകരെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റുചെയ്ത പൊലീസ് അവരെ റിമാന്റ് ചെയ്തു. ഈ സംഭവത്തോടെ കൊല്ലത്ത് സി.പി.എം- സി.പി.ഐ ബന്ധം വഷളായി. സി.പി.ഐ നേതൃത്വത്തിൽ കൊല്ലത്ത് എസ്.എഫ്.ഐക്കെതിരെ വൻപ്രതിഷേധ പ്രകടനമാണ് നടന്നത്. തിരിച്ചടിക്കുമെന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിന്ന് സി.പി.ഐ കൗൺസിലർമാർ വിട്ടിനിന്നു. ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള കേരളത്തിലെ പ്രശസ്ത കലാലയമായ കൊല്ലം എസ്.എൻ കോളേജിന്റെ യശസ് തകർക്കുംവിധം വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരെ എസ്.എൻ.ഡി.പി യോഗം, ട്രസ്റ്റ് പ്രവർത്തകരും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങി കോളേജ് സംരക്ഷണസമിതിക്ക് രൂപം നൽകി. തിങ്കളാഴ്ച കോളേജ് അങ്കണത്തിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജില്ലയിലെ വിവിധ എസ്.എൻ.ഡി.പി.യൂണിയൻ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് വളപ്പിനുള്ളിൽ എസ്.എഫ്.ഐ സ്ഥാപിച്ചിരുന്ന ബോർഡുകളും തോരണങ്ങളും മറ്റു സാമഗ്രികളുമെല്ലാം സംരക്ഷണസമിതി പ്രവർത്തകർ എടുത്തുമാറ്റി ശുദ്ധീകരിച്ചു.

കോളേജിലെ അദ്ധ്യയന അന്തരീക്ഷം സുഗമമാക്കാൻ ആവശ്യമായ എല്ലാ സംരക്ഷണവും ഇനിയുള്ള ദിവസങ്ങളിൽ ഉറപ്പാക്കാൻ കർമ്മസേനയും രൂപീകരിച്ചു.

കേരളചരിത്രത്തിലെ

നാഴികക്കല്ല്

കേരളത്തിലെ ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ സംഘടനാപരമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നാക്കംനിന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം ഉൾക്കൊണ്ട ആർ.ശങ്കറാണ് 1948 ൽ കൊല്ലം എസ്.എൻ കോളേജ് സ്ഥാപിച്ചത്. പിന്നീട് വനിതാ കോളേജടക്കം 12 ഓളം കോളേജുകളാണ് ആർ.ശങ്കർ സ്ഥാപിച്ചത്.

ജാതിമത പരിഗണനകൾക്കതീതമായി കേരളത്തിനു പുറത്തുനിന്നു പോലും പ്രഗത്ഭരായ അദ്ധ്യാപകരെയാണ് ആർ.ശങ്കർ കൊല്ലം എസ്.എൻ കോളേജിലേക്ക് കൊണ്ടുവന്നത്. ഈഴവസമുദായത്തിൽ നിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർ വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ പൊതുധാരയിലേക്ക് എത്തിച്ചേരാൻ സാധിച്ചത് എസ്.എൻ കോളേജ് ഉണ്ടായതുകൊണ്ടു മാത്രമാണ്. ഇപ്പോൾ 17 ബിരുദ, 13 ബിരുദാനന്തര ബിരുദ കോഴ്സുകളുമുള്ള കോളേജിൽ ബിരുദാനന്തരബിരുദ കോഴ്സുകളുള്ള വകുപ്പുകളിൽ എട്ടെണ്ണം അംഗീകൃത ഗവേഷണ കേന്ദ്രങ്ങളാണ്. ഇതിനു പുറമേ പി.ജി. ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്.

തകർക്കാൻ

നിരന്തര ശ്രമം

കേരളത്തിലെ ഏറ്റവും പ്രമുഖ കലാലയവും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അഭിമാനവുമായ കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ നടക്കുന്ന അക്രമവും സംഘർഷവും ആദ്യത്തേതല്ല. 2000 ൽ കോളേജിൽ അക്രമം കാട്ടിയ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിന് മാസങ്ങളോളം കോളേജ് സ്തംഭിപ്പിച്ച് സമരം നടത്തിയ സംഭവം ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയതാണ്. സമരം ഒടുവിൽ സി.പി.എം തന്നെ ഏറ്റെടുത്തു. ഒന്നരമാസത്തിലേറെ അദ്ധ്യയനം സ്തംഭിപ്പിച്ച് നടത്തിയ സമരത്തിനൊടുവിൽ പ്രിൻസിപ്പലായിരുന്ന പ്രൊഫ. വി.കെ വിജയനെ ബന്ധിയാക്കി കരാറിൽ ഒപ്പിട്ടാണ് സമരം അവസാനിപ്പിച്ചത്.

പ്രവൃത്തിയിലില്ലാത്ത

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം എന്ന തത്വത്തിലൂന്നി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന സംഘടന അതിനുവിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി വിദ്യാർത്ഥി സമൂഹത്തിനുണ്ടായ നഷ്ടം ചെറുതല്ല. 3400 ഓളം വിദ്യാർത്ഥികളുള്ള ഇവിടെ 1985 ലെ ശ്രീകുമാർ വധത്തിനു ശേഷമാണ് പെൺകുട്ടികൾക്കും പ്രവേശനം നൽകിയത്. ഇപ്പോൾ 75 ശതമാനം പെൺകുട്ടികളും വെറും 25 ശതമാനം ആൺകുട്ടികളുമാണുള്ളത്. ഇത്രയും ആൺകുട്ടികൾക്ക് പഠനസൗകര്യം നിഷേധിച്ചതാണ് എസ്.എഫ്.ഐ യുടെ പ്രധാന സംഭാവന. ആൺകുട്ടികളുടെ ഹോസ്റ്റൽ ആയുധപ്പുരയാക്കിയതോടെ അതും നിറുത്തലാക്കി. പഠനനിലവാരത്തിലും കോളേജ് പിന്നാക്കം പോയി. വിജയശതമാനം കുറഞ്ഞെങ്കിലും ഇക്കഴിഞ്ഞ ഡിഗ്രി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ 21 വിദ്യാർത്ഥികൾക്ക് റാങ്ക് ലഭിച്ചതിൽ മരുന്നിനു പോലും ഒരാൺകുട്ടി ഉണ്ടായിരുന്നില്ല. എസ്.എഫ്.ഐ അക്രമം ഭയന്ന് കോളേജിൽ നിന്ന് 250 ഓളം വിദ്യാർത്ഥികൾ ടി.സി വാങ്ങിപ്പോയതായി കോളേജ് അധികൃതർ പറയുന്നു.

Advertisement
Advertisement