സഹായഹസ്തം തേടി ശാന്തിഭവൻ

Wednesday 14 December 2022 1:25 AM IST
പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും.

അമ്പലപ്പുഴ : തെരുവിന്റെ മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവൻ ദിവസങ്ങൾ തള്ളി നീക്കാൻ പെടാപ്പാട് പെടുന്നു. ഇപ്പോൾ 180 അന്തേവാസികളുള്ള ശാന്തിഭവനിൽ നിത്യച്ചെലവിനു പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ പറയുന്നു.

1997 ജനുവരി 30 ന് ഒരു അന്തേവാസിയുമായാണ് പുന്നപ്രയിൽ ശാന്തിഭവന്റെ തുടക്കം. ഇപ്പോഴുള്ള അന്തേവാസികളിൽ 47 സ്ത്രീകളും പ്രായം ചെന്നവരും കൈയും കാലും ഇല്ലാത്തവരും ടി.ബി ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവരുമുണ്ട്. അന്തേവാസികളായി വന്ന പലരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുമുണ്ട്. പൊലീസും സാമൂഹ്യ പ്രവർത്തകരുമാണ് തെരുവിലും,ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും അവശരായി കിടക്കുന്നവരെ ശാന്തിഭവനിൽ എത്തിക്കുന്നത്. സ്വന്തം പേരു പോലും അറിയാത്തവരാണ് അന്തേവാസികളിൽ പലരും. 4 ഡോക്ടർമാരും 2 നഴ്സുമാരും പാചകക്കാരുമുൾപ്പെടെ 20 ഓളം പേരാണ് അന്തേവാസികളുടെ ശുശ്രൂഷക്കായി ഇവിടെ ഉള്ളത്. ഇവർക്ക് വേതനവും നൽകുന്നുണ്ട്.

അന്തേവാസികളിൽ കുറച്ചു പേർക്കു മാത്രമാണ് ഗ്രാന്റ് ലഭിക്കുന്നത്. രണ്ടു വർഷത്തോളമായി അതിനും കാലതാമസം നേരിടുന്നു. മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിനും ഭാര്യ മേരിയും സദാ സമയവും അന്തേവാസികളുടെ ശുശ്രൂഷയ്ക്കായി ശാന്തിഭവനിലുണ്ടാകും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സൈക്കിളിൽ ലോട്ടറി വിൽപ്പന വരെ നടത്തിയാണ് ആൽബിൻ ശാന്തിഭവന്റെ നിത്യച്ചെലവിനുള്ള പണം കണ്ടെത്തിയത്. ചങ്ങനാശേരി അതിരൂപതയുടെ നിർദ്ദേശപ്രകാരം പുളിങ്കുന്നു സ്വദേശിയായ മാത്യു കുഞ്ചെറിയയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ കെട്ടിടത്തിലാണ് ഇപ്പോൾ ശാന്തി ഭവന്റെ പ്രവർത്തനം.

ജീവിതത്തിലെ വഴിത്തിരിവ്

നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത് തടവറയിലായിരുന്ന മാത്യു ആൽബിൻ 1997 ജനുവരി 26 ന് സർക്കാർ 446 പേരെ പൊതുമാപ്പ് നൽകി വിട്ടയച്ചതിന്റെ ഭാഗമായാണ് പുറത്തിറങ്ങിയത്. ജയിലിൽ വച്ച് ഫാ.ജോർജ് കുറ്റിക്കലിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് മാത്യു ആൽബിൻ പറയുന്നു. ചെയ്തു പോയ തെറ്റുകളിൽ നിന്നുള്ള മോചനത്തിനായാണ് തന്റെ ശേഷിച്ച ജീവിതം ആരോരുമില്ലാത്തവരുടെ പരിചരണത്തിനായി ആൽബിൻ മാറ്റിവച്ചത്. ശാന്തിഭവന്റെ പ്രവർത്തനത്തിനായി വിദേശ ഫണ്ടുകൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ബന്ധുമിത്രാദികളുള്ളവരെ അന്തേവാസികളായി പാർപ്പിക്കാറില്ലെന്നും ആൽബിൻ പറയുന്നു. വിവിധ മതസ്തരായ നിരവധി പേർ ചെയ്ത സഹായങ്ങളാണ് എന്നും ശാന്തിഭവന് താങ്ങായിട്ടുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലും സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് മാത്യു ആൽബിൻ. ഫോൺ: 0477-2287322, 9447403035.

Advertisement
Advertisement