കരസേനയിലെ വനിത ഓഫീസർമാർക്കായി പ്രത്യേക സെലക്ഷൻ ബോർഡ്

Wednesday 14 December 2022 12:22 AM IST

ന്യൂഡൽഹി: കരസേനയിലെ വനിത ഓഫീസർമാർക്ക് വേണ്ടി 2023 ജനവരി ഒമ്പത് മുതൽ പ്രത്യേക സെലക്ഷൻ ബോർഡ് ആരംഭിക്കുമെന്ന് സേന സുപ്രീം കോടതിയെ അറിയിച്ചു. 246 വനിത ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹം എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കവെ കരസേന നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ജനവരി 30 ന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കും.

വനിത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടഞ്ഞത് ഏകപക്ഷീയമാണെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. മോഹന വാദിച്ചു. വനിത ഉദ്യോഗസ്ഥരുടെ വാദം കേൾക്കുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കേണൽ ബാലസുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോൾ വനിത സൈനിക ഓഫീസർമാരുടെ സ്ഥാനക്കയറ്റം ഉറപ്പാക്കാനായി കോടതി പെർമിപ്റ്ററി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement
Advertisement