വളർത്തുനായ്ക്കൾക്ക് പുതിയ തീറ്റയുമായി വെറ്ററിനറി സർവകലാശാല

Wednesday 14 December 2022 12:24 AM IST

തൃശൂർ: വളർത്തു നായ്ക്കൾക്ക് കൂടുതൽ പോഷകമുള്ള തീറ്റ (ന്യൂട്രി എം ഡോഗ് ഫീഡ്) വികസിപ്പിച്ച് വെറ്ററിനറി സർവകലാശാല. 26 ശതമാനം പ്രോട്ടീനും 15 ശതമാനം കൊഴുപ്പും അടങ്ങിയ തീറ്റയുടെ ഒരു കിലോയിൽ നിന്ന് നായ്ക്കൾക്ക് 3,600 കലോറി ഊർജ്ജം ലഭിക്കും.

വിപണിയിൽ നിലവിലുള്ള തീറ്റയുടെ വിലയ്ക്കാണ് എട്ട് ശതമാനം പ്രോട്ടീൻ കൂടുതലുള്ള തീറ്റ നൽകുക.

വെറ്ററിനറി ഹോസ്പിറ്റലുകളിലെ സെയിൽസ് ഔട്ട് ലെറ്റുകളിൽ നിന്ന് ഇവ ലഭിക്കും. വൈകാതെ പൊതുവിപണിയിലും എത്തിക്കാനാണ് ശ്രമമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. കോഴിയിറച്ചി, സോയ, ചോളം എന്നിവ ചേർത്താണ് നാല് മാസത്തെ ഗവേഷണത്തിലൂടെ തീറ്റ വികസിപ്പിച്ചിട്ടുള്ളത്. മാർക്കറ്റിൽ സാധാരണ 18 ശതമാനം പ്രോട്ടീൻ ലഭിക്കുന്ന തീറ്റയ്ക്ക് 250 രൂപയാണ് വില. ഈ വിലയ്ക്ക് ന്യൂട്ടി എം ഡോഗ് ഫീഡിൽ 26 ശതമാനം പ്രോട്ടീൻ ലഭിക്കും. മറ്റൊരു തീറ്റ കൂടി താമസിയാതെ വികസിപ്പിക്കും.

വെറ്ററിനറി സർവകലാശാല അനിമൽ ന്യൂട്രീഷൻ വിഭാഗം മേധാവി ഡോ. അല്ലി, ഡോ. അജിത്, ഡോ. സജിത് പരമേശ്വരൻ, ഡോ. ദിപു എന്നിവരാണ് തീറ്റ വികസിപ്പിച്ചത്.

Advertisement
Advertisement