4.36 ലക്ഷം കോടിയുടെ അധിക ഗ്രാന്റിന് കേന്ദ്രം

Wednesday 14 December 2022 12:25 AM IST

ന്യൂഡൽഹി: യുക്രെയിൻ സംഘർഷം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ച വളം സബ്‌സിഡിയും ബാദ്ധ്യതയായ സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷം 4.36 ലക്ഷം കോടിയുടെ അധിക ഗ്രാന്റിന് അനുമതി തേടി കേന്ദ്ര സർക്കാർ. ഇതിൽ 1.09 ലക്ഷം കോടിയും വളം സബ്‌സിഡിക്കാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള ഭക്ഷ്യ സബ്‌സിഡിക്കും അധിക വിഹിതത്തിനുമായി 80,348.25 രൂപയുടെ അധിക ചെലവിനും അനുമതി തേടിയിട്ടുണ്ട്.

2021-22 ലെ ബഡ്‌ജറ്റിൽ 37.70 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും ബഡ‌്‌ജറ്റ് എസ്റ്റിമേറ്റ് മറി കടന്നു. 4,35,938.87 കോടി രൂപ അധികമായി ചെലവഴിക്കാനാണ് സർക്കാർ അനുമതി തേടിയത്.

വിലക്കയറ്റം, നാണയപ്പെരുപ്പം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ രാജ്യത്ത് പ്രതിസന്ധി ഉയർത്തുമ്പോൾ കേന്ദ്രസർക്കാർ മൂലധന ശക്തികൾക്കും ബിസിനസ് താത്‌പര്യങ്ങൾക്കും മുൻഗണന നൽകുകയാണെന്ന് ആർ.എസ്.പി അംഗം എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.