രണ്ട് വിദ്യാർത്ഥികൾക്ക് കാറിടിച്ച് ദാരുണാന്ത്യം
ന്യൂഡൽഹി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒമ്പതാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് കാറിടിച്ച് ദാരുണാന്ത്യം. പീരഗർഹിയിലെ സർവോദയ കന്യാ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ വൻഷിക മിശ്ര (14), മാൻവി (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാർ ഡ്രൈവറായ നംഗ്ലോയ് സ്വദേശിയായ അരുൺ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലിന് പീരഗർഹി ഗ്രാമത്തിൽ നിന്ന് ഇരുവരും ട്യൂഷൻ പഠിക്കാൻ പോകുമ്പോഴായിരുന്നു അപകടം.
മെട്രോ പില്ലർ നമ്പർ 294ൽ റോതക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അരുണിന്റെ കാർ ഇരുവരെയും ഇടിച്ചിട്ടത്. പരിക്കേറ്റ പെൺകുട്ടികളെ പുഷ്പാഞ്ജലി ആശുപത്രിയിലേക്കും തുടർന്ന് ബാലാജി ആക്ഷൻ ഹോസ്‌പിറ്റലിലേക്കും മാറ്റിയെങ്കിലും മാൻവി മരിച്ചു. തുടർന്ന് വൻഷിക മിശ്ര മഹാരാജ അഗ്രസെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.