ഭാരത് ജോഡോ 100-ാം ദിവസത്തിലേക്ക്: സംഗീത പരിപാടിയോടെ ആഘോഷിക്കാൻ കോൺഗ്രസ്

Wednesday 14 December 2022 12:29 AM IST

ജയ്‌പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100-ാം ദിവസം തികയുന്ന വെള്ളിയാഴ്ച ജയ്പൂരിൽ ഗായിക സുനിധി ചൗഹാന്റെ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച യാത്ര തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് നിലവിൽ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. 2023 ഫെബ്രുവരി ആദ്യം ജമ്മു കശ്മീരിൽ സമാപിക്കും.

രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. 16ന് ഉച്ചയ്ക്ക് ഒന്നിന് ദൗസയിൽ പത്രസമ്മേളനവും നടത്തും.

19ന് അൽവാറിൽ പൊതയോഗവും നടക്കും. യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളങ്ങൾ തുറന്നുകാട്ടിയെന്നും മുൻ കേന്ദ്രമന്ത്രി നമോനറൈൻ മീണ പറഞ്ഞു. യാത്രയ്ക്കിടെ ലഭിച്ച പ്രതികരണം സർക്കാരിനെ അറിയിക്കുമെന്ന് കോൺഗ്രസ് രാജസ്ഥാൻ ഘടകം മേധാവി ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു. 21 ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും.