ഇറാന്റെ വധശിക്ഷയെ അപലപിച്ച് യു.എസ്

Wednesday 14 December 2022 2:31 AM IST

വാഷിംഗ്ടൺ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ ഇറാൻ നടത്തുന്ന വധശിക്ഷാ നടപടിയെ ശക്തമായി അപലപിച്ച് അമേരിക്ക. സ്വന്തം ആളുകളെ സർക്കാർ ഭയക്കുന്നുവെന്നും ഈ ക്രൂരമായ നടപടിയിൽ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും സ്റ്രേറ്ര് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു. പരസ്യമായ വധശിക്ഷ ഇറാൻ നടപ്പാക്കിയത് ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടിയാണ്. വിയോജിപ്പുകളെ അവർ അടിച്ചമർത്താൻ ശ്രമിക്കുന്നു. അവർ സ്വന്തം ജനതയെ എത്രമാത്രം ഭയക്കുന്നു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെഫാൻ ഡുജാറിക് വധശിക്ഷ നിർത്തലാക്കണമെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് യു.എന്നിൽ പറഞ്ഞു. യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് വധശിക്ഷയ്കു പിന്നിലെ സാഹചര്യങ്ങൾ ക്രൂരമാണെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ടു പേർക്കാണ് ഇറാൻ വധശിക്ഷ നടപ്പാക്കിയത്. രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തിക്കൊന്ന കേസിൽ മജീദ്‌റെസ റഹ്നാവാർദ് എന്നയാളെയാണ് കഴിഞ്ഞ ദിവസം പരസ്യമായി തൂക്കിലേറ്റിയത്. മൊഹസെൻ ഷെകാരി എന്നയാളെ വ്യാഴാഴ്ച തൂക്കിലേറ്രിയിരുന്നു. പ്രക്ഷോഭത്തിനിടെ ടെഹ്റാനിലെ പ്രധാന റോഡുകളിലൊന്ന് തടഞ്ഞതിനും സേനാംഗങ്ങളെ അക്രമിച്ചതിനുമാണ് വധശിക്ഷ വിധിച്ചത്. പത്ത് പേ‌‌ർക്കെങ്കിലും വധശിക്ഷ വിധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യത്തുടനീളമുണ്ടായ പ്രക്ഷോഭത്തിൽ സുരക്ഷാ സേനയുമായി പ്രക്ഷോഭകർ ഏറ്രുമുട്ടുകയും 470 പേർ കൊല്ലപ്പെടുകയും ചെയ്തു.