വൈലോപ്പിള്ളി കവിതാ പുരസ്‌കാരം വിമീഷ് മണിയൂരിനും സംഗീത ചേനംപുല്ലിക്കും

Wednesday 14 December 2022 12:35 AM IST

തൃശൂർ: വൈലോപ്പിള്ളി സ്മാരക സമിതിയുടെ വൈലോപ്പിള്ളി കവിതാ പുരസ്‌കാരം വിമീഷ് മണിയൂരിനും സംഗീത ചേനംപുല്ലിക്കും സമ്മാനിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. വിമീഷ് മണിയൂരിന്റെ 'യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു', സംഗീത ചേനംപുല്ലിയുടെ 'കവിത വഴിതിരിയുന്ന വളവുകളിൽ' എന്ന കൃതികളാണു പുരസ്‌കാരത്തിന് അർഹമായത്. അവാർഡ് തുകയായ 10,000 രൂപ ഇരുവർക്കും പങ്കിട്ടു നൽകും. സ്മൃതിമുദ്രയും ബഹുമതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈലോപ്പിള്ളി സമാധിദിനമായ 22നു വൈകിട്ട് നാലിനു കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിലാണ് പുരസ്‌കാരദാനം. തുടർന്ന് വൈലോപ്പിള്ളിയുടെ ജലസേചനം കവിത കേരള കലാമണ്ഡലം മേജർ സെറ്റ് കഥകളിയായി അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. പി.വി. കൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി എം. ഹരിദാസ് എന്നിവർ പങ്കെടുത്തു.