ഉത്തരകൊറിയയ്ക്ക് സ്‌ട്രോബെറി പാലും കാപ്പിയും വിറ്റ സിംഗപ്പൂരുകാരന് ജയിൽ ശിക്ഷ

Wednesday 14 December 2022 2:34 AM IST

സിംഗപ്പൂർ: ഉത്തര കൊറിയയ്ക്ക് ഏകദേശം ഒരു മില്യൺ ഡോളറിന്റെ സ്‌ട്രോബറി പാലും കാപ്പിയും വിറ്റതിനും പോഗ്യാങ്ങിലേക്ക് വൈൻ, വിസ്‌കി, പെർഫ്യൂം എന്നിവ അയച്ചതുൾപ്പെടെ നഗരസംസ്ഥാനത്ത് നിന്നുള്ള മറ്റ് ഉപരോധ വ്യാപാരങ്ങൾ നടത്തിയതിനും പാനീയ കമ്പനിയായ പോക്ക ഇന്റർനാഷണലിലെ മുൻ മാനേജർ ഫുവാ സെ ഹെയ്ക്ക് അഞ്ചാഴ്ചത്തെ തടവ് ശിക്ഷ.

ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ഉപരോധങ്ങൾ നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് സിംഗപ്പൂർ സർക്കാരിന്റെ നടപടി. 2017 ൽ ഉത്തരകൊറിയയുമായുള്ള വ്യാപാരബന്ധം സിംഗപ്പൂർ നിർത്തിവച്ചിരുന്നു.

ഉത്തര കൊറിയയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് അറിയാമായിരുന്നിട്ടും 2017 മുതൽ 2018 വരെ സ്‌ട്രോബെറി രുചിയുള്ള പാലും കാപ്പിയും ഉൾപ്പടെയുള്ള പാനീയങ്ങൾ പല സിംഗപ്പൂർ കമ്പനികൾക്കും ഫുവാ വിറ്റു. ഉത്തരകൊറിയയുടെ നേതാവ് കിം ജോങ് ഉന്നിന് മദ്യത്തോട് താൽപ്പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ഇൽ, ഹെന്നസി കോഗ്നാക് ഇറക്കുമതി ചെയ്യുന്നതിന് പ്രതിവർഷം 700,000 ഡോളറിലധികം ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

സിംഗപ്പൂരിൽ നിന്ന് ഉത്തരകൊറിയയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള പരമാവധി ശിക്ഷ 74,000 ഡോളർ വരെ പിഴ അല്ലെങ്കിൽ കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തിന്റെ മൂന്നിരട്ടി പണമോ രണ്ട് വർഷം വരെ തടവോ രണ്ടും കൂടിയോ ആണ്.

പ്രധാന വ്യാപാര കേന്ദ്രവും സാമ്പത്തിക കേന്ദ്രവുമായ സിംഗപ്പൂരിൽ നിന്നുള്ള കമ്പനികളും വ്യക്തികളും ഉത്തര കൊറിയയിലേക്ക് നിരോധിത വസ്തുക്കൾ വിതരണം ചെയ്തതിന് ശിക്ഷിക്കപ്പെട്ട നിരവധി സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്.