ഖത്തർ ലോകകപ്പ് റിപ്പോർട്ടിംഗിനിടെ മാദ്ധ്യമപ്രവർത്തകൻ അന്തരിച്ചു

Wednesday 14 December 2022 2:36 AM IST

ദോഹ:ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അൽ കാസ് ടിവിയിലെ ഫോട്ടോ ജേണലിസ്റ്റായ ഖാലിദ് അൽ മിസ്ലാം അന്തരിച്ചു . മരണകാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച മറ്രു വിവരങ്ങളൊന്നും ഖത്തർ അധികൃതർ പുറത്തുവിട്ടിട്ടില്ല. എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് റെയിൻബോ ടീ ഷർട്ട് ധരിച്ച് ഖത്തറിലെത്തിയ യു.എസ് റിപ്പോർട്ടറുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഖത്തറിൽ രണ്ടാമത്തെ മാദ്ധ്യമപ്രവർത്തകൻ മരിക്കുന്നത്. ഫിഫ ലോകകപ്പ് കവർ ചെയ്യുന്നതിനിടെ അൽ മിസ്ലാം മരിച്ചെന്ന വാർത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ആദ്യം പുറത്തു വിട്ടത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ എന്താണ് മരണ കാരണമെന്ന് വ്യക്തമാക്കിയില്ല.

അമേരിക്കൻ പത്രപ്രവർത്തകൻ ഗ്രാന്റ് വാൽ മരിച്ച് 48 മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത് . വെള്ളിയാഴ്ച ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം കവർ ചെയ്യുന്നതിനിടെയാണ് 48കാരനായ ഗ്രാന്റ് വാൽ കുഴഞ്ഞുവീണത്. അദ്ദേഹത്തിന്റെ മരണത്തിൽ ഖത്തർ സർക്കാരിന് പങ്കുണ്ടെന്ന് വാലിന്റെ സഹോദരൻ എറിക് ആരോപിച്ചിരുന്നു.

എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് റെയിൻബോ ഷർട്ട് ധരിച്ചതിന് അദ്ദേഹത്തെ ഖത്തർ സർക്കാർ കുറച്ചു കാലം തടവിന് ശിക്ഷിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോൾ തന്റെ ഫോൺ അധികൃതർ എടുത്തുകൊണ്ടുപോയതായി വാൾസ് മുമ്പ് പറഞ്ഞിരുന്നു.

ലോകകപ്പ് കാണാൻ പോകുന്ന ആരാധകരുടെ, പ്രത്യേകിച്ച് എൽ.ജി.ബി.ടി.ക്യു വ്യക്തികളുടേയും സ്ത്രീകളുടേയും അവകാശങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും അവർ ഖത്തർ സർക്കാരിൽ നിന്ന് വിവേചനം നേരിടുന്നെന്നും മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.