പുകവലിരഹിതമാകാൻ ന്യൂസിലൻഡ്; ലോകത്തിലെ ആദ്യത്തെ നിയമം 

Wednesday 14 December 2022 2:37 AM IST

വെല്ലിംഗ്ടൺ: 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പുകയില വില്ക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി ന്യൂസിലാൻഡ്. 2023ഓടെ നിയമം പ്രാബല്യത്തിൽ വരും. 2025 ആകുമ്പോഴേക്ക് രാജ്യത്തെ പുകവലി വിമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണിത്. ഇതോടെ അടുത്ത തലമുറയ്ക്ക് പുകവലി നിരോധിച്ചുകൊണ്ട് നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ന്യൂസിലാൻഡ്.
രാജ്യത്തുടനീളം സിഗരറ്റ് വിൽക്കാൻ നിയമപരമായി അനുമതിയുള്ള സ്റ്റോറുകളുടെ എണ്ണം 6,000 ൽ നിന്ന് 600 ആയി കുറയ്ക്കുകയും ചെയ്യും. ഉപയോഗിച്ച പുകയില ഉത്പന്നങ്ങളുടെ നിക്കോട്ടിൻ ഉള്ളടക്കം കുറയ്ക്കുക, പുകയില വില്ക്കുന്ന ചില്ലറ വ്യാപാരികളുടെ എണ്ണം കുറയ്ക്കുക, 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച ആർക്കും പുകയില വില്ക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് പുകവലി രഹിത പരിസ്ഥിതിയും നിയന്ത്രിത ഉത്പ്പന്നങ്ങളും എന്ന ഭേദഗതി ബില്ലിൽ ഉള്ളത്.
ആയിരക്കണക്കിന് ആളുകൾ കൂടുതൽ കാലം ആരോഗ്യകരമായ ജീവിതം നയിക്കുമെന്നും കാൻസർ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാകുതോടെ ആരോഗ്യ സംവിധാനം അഞ്ച് ബില്യൺ ഡോളർ മെച്ചപ്പെടുമെന്നും അസോസിയേറ്റ് ഹെൽത്ത് മിനിസ്റ്റർ ആയിഷ വെറാൾ ഇന്നലെ നിയമം പാസാക്കുന്ന വേളയിൽ പറഞ്ഞു.

ന്യൂസിലാൻഡിലെ പുകവലി നിരക്ക് താരതമ്യേന കുറവാണ്. പ്രായപൂർത്തിയായവരിൽ എട്ട് ശതമാനം പേർ മാത്രമാണ് പ്രതിദിനം പുകവലിക്കുന്നത്. ഒന്നര വർഷം മുമ്പ് ഇത് 9.4 ശതമാനമായിരുന്നു.

Advertisement
Advertisement