വിഴിഞ്ഞത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല: മന്ത്രി അഹമ്മദ് ദേവർകോവിൽ

Wednesday 14 December 2022 2:48 AM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ലെന്നത് വസ്‌തുതയാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ മുഖമാസികയായ കെ.ജി.ഒ.എ ന്യൂസ് 'വിഴിഞ്ഞം പദ്ധതി ആശങ്കയും യാഥാർത്ഥ്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തത്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കുപ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തുറമുഖത്ത് തദ്ദേശ വാസികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് അവരെ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരാക്കാൻ പരിശീലന കേന്ദ്രം വരെ ആരംഭിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കാൻ സമഗ്രപദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടും തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. നാസർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ, ഡോ.എൽ. ഷീലാ നായർ, ഏലിയാസ് ജോൺ, സി.കെ.ഷിബു, എൻ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.