തെരുവോരത്തെമ്പാടും പാപ്പായുടെ മുഖം, തൊപ്പി.

Friday 16 December 2022 12:00 AM IST

കോട്ടയം. ക്രിസ്മസ് തൊപ്പിയും പാപ്പായുടെ മുഖം മൂടിയുമായി തെരുവോരം കീഴടക്കി രാജസ്ഥാൻകാർ. വഴിയാത്രക്കാരെ ആകർഷിക്കുന്ന തരത്തിലാണ് റോഡിന്റെ ഇരുവശങ്ങളിലും ചുവപ്പും വെള്ളയും കലർന്ന ക്രിസ്മസ് പാപ്പായുടെ മുഖംമൂടികൾ വിൽപ്പനയ്ക്കായി തൂക്കിയിട്ടിരിക്കുന്നത്. കുടുംബസമേതമാണ് ഇവർ എത്തിയിരിക്കുന്നത്. മൂന്നുംനാലും പേരെടങ്ങുന്ന സംഘം മുട്ടിനുമുട്ടിന് വിൽപ്പനക്കാരായുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്രിസ്മസ് പാപ്പാ തൊപ്പി, മാസ്‌ക്, ഡ്രസ് എന്നിവയാണ് വിൽപ്പനയ്ക്കുള്ളത്. 20 രൂപ മുതലാണ് തൊപ്പിയുടെ വില. തൊപ്പിയും മാസ്‌കും ഉൾപ്പെടുന്നതിന് 100 രൂപ. ഡ്രസ് വിൽക്കുന്നത് 300, 400 രൂപയ്ക്കാണ്. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

നാല് ദിവസം മുൻപാണ് സംഘം നഗരത്തിലെത്തിയത്. കച്ചവടം നല്ല രീതിയിൽ നടക്കുന്നുണ്ട്. ക്രിസ്മസിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങും. രാജസ്ഥാനിൽ കൺസ്ട്രക്ഷൻ മേഖലയിലും ഗോതമ്പ് പാടശേഖരത്തിലുമാണ് ജോലിയെന്ന് സംഘത്തിൽ പെട്ട ഭരത്‌ലാലും സോണിയും പറഞ്ഞു.

Advertisement
Advertisement