വയലിനിസ്റ്റ് ദ്വാരം മങ്കതായാരു അന്തരിച്ചു

Friday 16 December 2022 1:28 AM IST

ചെന്നൈ: രണ്ടു തലമുറയിലെ വിഖ്യാത സംഗീതജ്ഞർക്ക് വയലിനിൽ അകമ്പടി വായിച്ച പ്രശസ്ത സംഗീതജ്ഞ ദ്വാരം മങ്കതായാരു (85) ചെന്നൈയിൽ അന്തരിച്ചു. ശാസ്ത്രീയ സംഗീതത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് വ്യതിചലിക്കാത്ത സംഗീതജ്ഞയായിരുന്നു. പാട്ടുകാരെ പിന്തുടരുക എന്ന ധർമ്മം പാലിച്ചുകൊണ്ടുതന്നെ വയലിനിൽ മനോധർമ്മം ആവോളം അവതരിപ്പിച്ച് ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ നേടാൻ മങ്കതായാരുവിന് കഴിഞ്ഞു. കർണ്ണാടക സംഗീതത്തിന്റെ മോഹനമായ ഗതകാലത്തെ ഇന്നുമായി ബന്ധിപ്പിക്കുന്ന അവസാന കണ്ണികളിൽ ഒന്നാണ് കൊഴിഞ്ഞത്. വയലിൻ വദനത്തിലെ മുടിചൂടാമന്നനായിരുന്ന ദ്വാരം വെങ്കടസ്വാമി നായിഡുവിന്റെ മകളായ മങ്കതായാരു 14-ാം വയസിൽ വയലിൻ അകമ്പടി വായിച്ച് അരങ്ങേറ്റം കുറിച്ചത് സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിയിലാണ്.

1950 മുതൽ ചെന്നൈ നിവാസിയാണ് ദ്വാരം മങ്കതായാരു. വിശാഖപട്ടണത്തെ മഹാരാജാസ് കോളജ് സംഗീത അദ്ധ്യാപികയായും ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റായും അവർ സംഗീത ലോകത്തിനു വലിയ സംഭാവനകൾ നൽകി. കലൈമാമണി പുരസ്കാരം ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ അവരെ തേടി വന്നു. ഏതാനും വർഷമായി വിശ്രമത്തിലായിരുന്നു.

വിശാഖപട്ടണത്തെ ആ തുടക്കം പിഴച്ചതേയില്ല. എം.എസ്. സുബ്ബുലക്ഷ്മി, ടി. ബ്രിന്ദ- ടി. മുക്തമാർ, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, ഡി.കെ. ജയരാമൻ, ഡോ. എസ്‌. രാമനാഥൻ, ഡോ. എം. ബാലമുരളികൃഷ്ണ, രാധാ-ജയലക്ഷ്മിമാർ, മുംബയ് സിസ്റ്റേഴ്സ്, മണികൃഷ്ണസ്വാമി തുടങ്ങി മങ്കതായാരു വയലിനിൽ അനുധാവനം ചെയ്തിട്ടുള്ളത് കർണ്ണാടക പ്രമുഖരെയാണ്.

അക്കൂട്ടത്തിൽ പുല്ലാങ്കുഴൽ വിദ്വാൻ ടി.ആർ. മഹാലിംഗം എന്ന മാലിയുടെ പേര് എടുത്തു പറയേണ്ടതാണ്. കർണ്ണാടക സംഗീതം കണ്ട ഏറ്റവും അന്തർമുഖനായ സംഗീതജ്ഞനായ മാലിയുടെ നൂറുകണക്കിന് വേദികളിലാണ് മങ്കതായാരു വയലിൻ വായിച്ചത്. മഹാവിദ്വാനായിട്ടും പ്രവചനാതീതമായ സ്വഭാവസവിശേഷതകൾ കാരണം സംഘാടകരുടെയും സംഗീത പ്രേമികളുടെയും ക്ഷമ പരീക്ഷിക്കുന്നവയായിരുന്നു മാലിയുടെ കച്ചേരികൾ. അവയിൽ ഒപ്പം വയലിൻ വായിച്ച മങ്കതായാരുവിന്റെ ക്ഷമയും സഹനശക്തിയും പഴയ ചില വീഡിയോകളിൽ കാണാം.

Advertisement
Advertisement