ആനകളെയും തെളിച്ച് നിയമം വരുമോ ?

Thursday 15 December 2022 11:35 PM IST

  • അന്യസംസ്ഥാനത്ത് നിന്ന് ആനകളെ കൊണ്ടുവരാൻ ഭേദഗതി കേന്ദ്രത്തിന്റെ മുന്നിൽ

തൃശൂർ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാനുള്ള വിലക്ക് നീക്കുന്ന കേന്ദ്രസർക്കാർ, ഭേദഗതിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒപ്പിടുന്നതോടെ കേരളത്തിലേയ്ക്ക് ഇനി കൂടുതൽ ആനകളെത്തും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. ആനകളെ കിട്ടാനില്ലാതെ എഴുന്നള്ളിപ്പ് പ്രതിസന്ധിയിലായിരിക്കെയാണ് ഭേദഗതി വരുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ നിയമതടസമുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ ഇരുന്നൂറോളം ആനകൾ ചരിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്.

മദപ്പാടും രോഗങ്ങളും കാരണം കേരളത്തിലെ നാട്ടാനകളിൽ പകുതിയോളം പോലും എഴുന്നള്ളിപ്പുകൾക്ക് ഉണ്ടാകാറില്ല. കൊവിഡ് കാലത്ത് മതിയായ വ്യായാമമില്ലാത്തതും രോഗങ്ങൾക്ക് കാരണമായി. ആനകളെ അണിനിരത്തുന്നതിന് ചെറിയ ക്ഷേത്രങ്ങൾ പോലും വൻതുക ഏക്കം നൽകാനും നിർബന്ധിതരായിരുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും എഴുന്നള്ളിപ്പുകൾക്കായി കയറ്റിവിടുന്ന ആനകൾക്ക് ശരിയായ വിശ്രമവും ഭക്ഷണവും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.

പേരും പെരുമയുമുള്ള ആനകൾക്ക് ആവശ്യക്കാരേറെയാണ്. മൂന്ന് ലക്ഷം രൂപ വരെയാണ് ഒറ്റ എഴുന്നള്ളിപ്പിന് ചില ആനകൾക്ക് ഏക്കമുണ്ടായിരുന്നത്. ആനകളെ കിട്ടാനില്ലാത്തതിനാൽ ഉത്സവനടത്തിപ്പുകാർക്ക് പറയുന്ന പണം നൽകേണ്ടിവന്നു. നാട്ടാനകളുടെ എണ്ണം കൂടുന്നതോടെ ഇത്തരം വിലപേശലുകൾ കുറഞ്ഞേക്കും. അതേസമയം ആനകളുടെ അന്തർസംസ്ഥാന കൈമാറ്റം അനുവദിക്കുന്നത് ദുരദ്ദേശ്യപരമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പരിസ്ഥിതിപ്രവർത്തകരും മറ്റും വിമർശനം ഉന്നയിക്കുന്നുണ്ട്.

വടക്കുകിഴക്കൻ ആനകൾ

ആസാം, അരുണാചൽപ്രദേശ്, ബീഹാർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആനകളെ കൊണ്ടുവന്നിരുന്നത്. ഇനി നിയമസാധുത ഉണ്ടായാലും ഇതേ സംസ്ഥാനങ്ങളിൽ നിന്നാകും ആനകളെ കൊണ്ടുവരിക. ലോറികളിലാണ് കേരളത്തിലെത്തിക്കുക. വ്യവസ്ഥകൾ അനുസരിച്ച്, ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടുകയും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരിൽ നിന്ന് സമ്മതം വാങ്ങുകയും വേണം. കേരളത്തിൽ നിരവധി പേർ ആനയെ വാങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ടെന്നാണ് പറയുന്നത്.

തെളിയുമോ ആനത്താര !

കേരളത്തിലെ നാട്ടാനകൾ 445
എഴുന്നള്ളിക്കാൻ ലഭിക്കുന്നത് പരമാവധി 150
ശരാശരി പ്രതിവർഷം ചരിയുന്നത് 20-30

കേരളത്തിലെ ഉത്സവ നടത്തിപ്പുകാർക്കും ആനഉത്സവപ്രേമികൾക്കുമെല്ലാം ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ഈ ഭേദഗതി. നിരവധി ആനകളാണ് പോയ വർഷത്തിൽ കേരളത്തിൽ ചരിഞ്ഞത്.

ഡോ.പി.ബി ഗിരിദാസ്
ആന ചികിത്സാ വിദഗ്ദ്ധൻ.

Advertisement
Advertisement