അടിയന്തര പ്രമേയങ്ങൾ അവഗണിക്കുന്നതിൽ പ്രതിപക്ഷ പ്രതിഷേധം

Friday 16 December 2022 1:42 AM IST

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷമടക്കമുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് ചർച്ചയ്‌ക്കെടുക്കാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം.ബഹളത്തെത്തുടർന്ന് രാജ്യസഭ രണ്ടു തവണ നിറുത്തിവച്ചു.

ഇന്ത്യ-ചൈന സംഘർഷം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ജുഡിഷ്യറി നിയമനത്തിലെ സർക്കാർ ഇടപെടൽ, കർഷകരുടെ ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾ തള്ളിയതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. രാവിലെ ചേർന്നയുടനെയും പിന്നീട് 15 മിനിട്ട് വീതം രണ്ടുതവണയും സഭ നിറുത്തിവച്ചു. ഇരുസഭകളിലും പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നത് ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ വാറ്റ് കുറയ്‌ക്കാത്തതുകൊണ്ടാണെന്ന പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്പുരിയുടെ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ബീഹാർ വ്യാജമദ്യ ദുരന്തം ആൾക്കൂട്ട കൊലപാതകമാണെന്നും ബീഹാർ സർക്കാരിനെതിരെ നടപടി വേണമെന്നും പറഞ്ഞുകൊണ്ട് ബി.ജെ.പി അംഗങ്ങളും രാജ്യസഭയിൽ പ്രതിഷേധിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്ന് ശിവസേനയിലെ (ഉദ്ധവ് താക്കറെ)പ്രിയങ്ക ചതുർവേദി ആരോപിച്ചു.

Advertisement
Advertisement