കുരട്ടിശ്ശേരി പാടത്ത് ദുരിതം പെയ്തിറങ്ങി 

Friday 16 December 2022 12:55 AM IST

മാന്നാർ: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും നെൽവിത്തുകളും ഞാറുകളും വെള്ളത്തിൽ മുങ്ങിയത് കർഷകരെ ദുരിതത്തിലാക്കി. മാന്നാർ കൃഷിഭവന്റെ കീഴിലുള്ള കുരട്ടിശ്ശേരി പുഞ്ചയിൽ ഞാറ് പറിച്ച് നടാൻ വേണ്ടി പാകിയ 2 മുതൽ 15 ദിവസം വരെയായ നൂറുകണക്കിന് ഏക്കർ നിലങ്ങളിലെ വിത്തുകളും ഞാറുകളുമാണ് വെള്ളത്തിൽ മുങ്ങി നശിക്കുന്നത്. വേനൽമഴയിലും വരിനെല്ലിന്റെ അതിപ്രസരത്തിലും കഴിഞ്ഞ പുഞ്ചകൃഷി സമ്മാനിച്ച കടബാദ്ധ്യതകൾ നികത്താൻ ഇത്തവണ നേരത്തെ കൃഷി ഇറക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരവേ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ദുരിതത്തിൽ പകച്ചു നിൽക്കുകയാണ് കർഷകർ.

സംയുക്ത പാടശേഖര സമിതിയുടെ മാന്നാർ വട്ടപ്പണ്ടാരി മോട്ടോർപ്പുര പൊളിച്ചത് പുനഃസ്ഥാപിക്കാൻ ഇതുവരെ നടപടിയായിട്ടില്ല. കാലപ്പഴക്കവും കേടുപാടുകൾ സംഭവിച്ചതുമായഈ മോട്ടോർപ്പുരയിലെ ഉപകരണങ്ങൾ മാറ്റിയിട്ടും മാസങ്ങളായി. പുതിയത് സ്ഥാപിക്കാൻ എട്ടോളം വരുന്ന പാടശേഖര സമിതിയും കർഷകരും സംയുക്ത പാടശേഖര സമിതിയോട് തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നതാണ്. നാളുകളായി ആവശ്യപ്പെടുന്ന മുക്കം-വാലേൽ ബണ്ട് യാഥാർഥ്യമാകാത്തതിനാൽ സൈക്കിളിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത റോഡുകളാണ് നിലവിലുള്ളത്. ഇതുവഴി പെട്ടിയുംപറയും എത്തിക്കാൻ കഴയാതെ ബുദ്ധിമുട്ടുകയാണ് ബന്ധപ്പെട്ടവർ. അടുത്തദിവസം തന്നെ മോട്ടോർ പ്രവർത്തിപ്പിച്ച് പമ്പിംഗ് നടത്തിയില്ലെങ്കിൽ പാടശേഖര സമിതികളിൽ നിന്നും കൈപ്പറ്റിയ വിത്തുകളും ഞാറുകളും കൃഷി ആഫീസിൽ എത്തിച്ച് കൃഷി ഉപേക്ഷിക്കുമെന്ന് കുട്ടശ്ശേരി പുഞ്ചയിലെ കർഷകർ പറഞ്ഞു.

"നിലമൊരുക്കുന്നതിനു മുന്നോടിയായി താൽക്കാലികമായി വാടകയ്ക്ക് മോട്ടോർ ഉപയോഗിച്ച് പമ്പിംഗ് നടത്താനായി ഏക്കറൊന്നിനു ആയിരം രൂപ നിരക്കിൽ പിരിവെടുത്ത് കർഷകർ നൽകിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല".

(ബിജു ഇഖ്ബാൽ, നെൽകർഷകൻ)

"വികസന സമിതി യോഗം കൂടാൻ താമസിച്ചതും വർഷങ്ങളായി പമ്പിംഗ് സബ്‌സിഡി ലഭിക്കാത്തതുമാണ് കർഷകരെ വലച്ചത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്".
(മനീഷ് മാത്യു , സെക്രട്ടറി നാലുതോട് പാടശേഖര സമിതി)

Advertisement
Advertisement