കൊണ്ടാഴി എഴുന്നെള്ളത്ത് കടവ് ചെക്ക്ഡാമിനു മുകളിൽ നിന്ന് കാർ ഒഴുക്കിൽപെട്ടു

Friday 16 December 2022 12:16 AM IST

ചേലക്കര: കൊണ്ടാഴി എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞു. ഒഴുക്കിൽപ്പെട്ട കാറിൽ നിന്നു യാത്രക്കാരനായ കൊണ്ടാഴി ഇടിഞ്ഞു കുഴിയിൽ ജോണിയെ(40) നാട്ടുകാരും മീൻപിടുത്തക്കാരും ചേർന്ന് രക്ഷപ്പെടുത്തി. കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക്ഡാമിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.

പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ ജോണി എളുപ്പവഴിയായ ചെക്ക് ഡാമിലൂടെ കാറോടിച്ചു ജോലിക്ക് പോകുന്നതിനിടയിലാണ് അപകടം. പുഴയിൽ പെട്ടെന്ന് വെള്ളം കയറി ഒഴുക്ക് ശക്തമായാണ് ചെക്ക് ഡാമിന് മുകളിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞതെന്ന് പറയുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് കരയ്ക്കു കയറ്റി.

പുഴയിൽ നീരൊഴുക്ക് വർദ്ധിക്കാറുള്ള സന്ദർഭങ്ങളിൽ ചെക്ക് ഡാമിനു മുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം പലരും അവഗണിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡാമിനു മുകളിലെ കോൺക്രീറ്റ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയും ഉണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ട് യാത്ര ചെയ്ത പലരും ഇവിടെ അപകടത്തിൽ പെട്ടിട്ടുമുണ്ട്.

Advertisement
Advertisement