മേള കാണാൻ അവരെത്തി, കൗതുകക്കാഴ്ചകൾ കണ്ടു മടങ്ങി

Friday 16 December 2022 1:18 AM IST

തിരുവനന്തപുരം: അനൂജയും സ്വാഗതും അമലുമൊക്കെ പുതിയൊരു ലോകത്തെത്തിയ പോലെയായിരുന്നു. അതുവരെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതിൽ നിന്നും വ്യത്യസ്ത ലോകമായി അവർക്ക് രാജ്യാന്തര ചലച്ചിത്രമേള അനുഭവപ്പെട്ടു. കരകുളം ചിറ്റാഴയിലെ ബഡ്സ് സ്‌കൂളിൽ നിന്നുള്ള 13 അംഗ സംഘമാണ് സ്‌കൂൾ പ്രിൻസിപ്പൽ അംബിക പതി, അദ്ധ്യാപിക സുനിത, അനദ്ധ്യാപകരായ സജിത, അനിത എന്നിവർക്കൊപ്പം മേള കാണാനും ആരവങ്ങൾ അറിയാനുമായി ഇന്നലെ ടാഗോറിലെത്തിയത്. കണ്ടും കേട്ടും ചലച്ചിത്രങ്ങളുടെ രസക്കാഴ്ചകളെ കുറിച്ചറിഞ്ഞ അവർ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇതാദ്യമായാണ് ബഡ്സ് സ്‌കൂളിലെ കുട്ടികൾ ചലച്ചിത്രമേള കാണാനെത്തുന്നത്. വീടും സ്‌കൂളും മാത്രമായി ജീവിച്ച കുട്ടികളെ മേള കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് സകൂൾ ജീവനക്കാർ ടാഗോർ തിയേറ്ററിലെത്തിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന നാൽപ്പതിലധികം കുട്ടികളാണ് ചിറ്റാഴ ബഡ്സ് സ്‌കൂളിലുള്ളത്. പത്ത്‌വയസിൽ താഴെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും മറ്റുള്ളവർക്ക് സ്വയംതൊഴിൽ പരിശീലനവും നൽകുന്നുണ്ട്. മേളയുടെ ഭാഗമായി ടാഗോറിലുള്ള സ്റ്റാളുകളും ചിത്രപ്രദർശനവുമൊക്കെ കണ്ടാണ് അവർ മടങ്ങിയത്. പുസ്തക പ്രകാശനത്തിന് ടാഗോറിലെത്തിയ മന്ത്രി പി.രാജീവും കുട്ടികളുമായി സംവദിച്ചു. ടാഗോർ തിയേറ്ററിലെ കാഴ്ചകൾക്കൊപ്പം ഉതാമ എന്ന ചിത്രവും കണ്ടായിരുന്നു അവരുടെ മടക്കയാത്ര.

Advertisement
Advertisement