യു.എസിനും നാറ്റോയ്ക്കും മുന്നറിയിപ്പ്, യാർസിനെ പുറത്തെടുത്ത് റഷ്യ

Friday 16 December 2022 5:05 AM IST

മോസ്കോ : യു.എസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. വാക്കുകളിലൂടെയല്ല, മറിച്ച് ഒരു വീഡിയോയിലൂടെയാണ് റഷ്യ തങ്ങളുടെ എതിരാളികളെ വിരട്ടിയിരിക്കുന്നത്. അത്യാധുനിക ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ ' ആർ.എസ് - 24 യാർസി"നെ ഒരു ഭൂഗർഭ മിസൈൽ വിക്ഷേപണ അറയിൽ സ്ഥാപിക്കുന്നതിന്റെ വീഡിയോ ആണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.

മോസ്കോയ്ക്ക് തെക്ക് പടിഞ്ഞാറുള്ള കലൂഗ മേഖലയിലെ കൊസെൽസ്ക് മിലിട്ടറി കോംപ്ലസിൽ യാർസിനെ സ്ഥാപിക്കുന്നതിന്റെ വീഡിയോ ബുധനാഴ്ചയാണ് റഷ്യ പുറത്തുവിട്ടത്. മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിൽ പ്രത്യേക വാഹന യൂണിറ്റുകളുടെ സഹായത്തോടെയാണ് യാർസിനെ മിസൈൽ വിക്ഷേപണ അറയിലേക്ക് സ്ഥാപിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു യാർസ് മിസൈലിനെ ഇവിടെ എത്തിക്കുന്നതിന്റെ വീഡിയോ റഷ്യ ഇന്നലെ പുറത്തുവിട്ടു.

ചില്ലറക്കാരനല്ല യാർസ്. 1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിൽ അമേരിക്ക വർഷിച്ച അറ്റോമിക് ബോംബിനേക്കാൾ 12 മടങ്ങ് ശേഷിയുള്ള ആണവപോർമുന വഹിക്കാൻ കഴിവുള്ള മിസൈലാണിതെന്നാണ് റിപ്പോർട്ട്. 7,500 മൈലാണ് യാർസിന്റെ പ്രഹര പരിധി. യു.എസും യൂറോപ്പും ഇതിനുള്ളിൽ വരും. ടോപോൾ - എം.ആർ ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച രൂപമാണ് യാർസ്.

മോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് തെർമൽ എഞ്ചിനിയറിംഗ് വികസിപ്പിച്ച യാർസിനെ 2007ലാണ് ആദ്യമായി പരീക്ഷിച്ചത്. നാളെ നടക്കുന്ന വാർഷിക മിസൈൽ സേനാ ദിനത്തോടനുബന്ധിച്ചാണ് യാർസ് അടക്കമുള്ള ആണവായുധങ്ങളുടെ ശേഖരം റഷ്യ പുറംലോകത്തിന് തുറന്നുകാട്ടുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണവായുധ സേനയുടെ വാർഷിക സൈനികാഭ്യാസത്തിനിടെ യാർസിന്റെ പരീക്ഷണം നടത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടെത്തി ഇതിന് മേൽനോട്ടം വഹിച്ചിരുന്നു. നിലവിൽ യുക്രെയിനിൽ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ഭീതി നിലനിൽക്കെയാണ് യാർസിനെ സജ്ജമാക്കിയിരിക്കുന്നത്.

Advertisement
Advertisement