യു.കെയിൽ നഴ്സുമാർ പണിമുടക്കി

Friday 16 December 2022 5:05 AM IST

ലണ്ടൻ : ന്യായമായ ശമ്പളവും ജോലി സാഹചര്യവും ആവശ്യപ്പെട്ട് യു.കെയിലെ നഴ്സുമാർ ഇന്നലെ പണിമുടക്ക് നടത്തി. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ ഇന്ന് പുലർച്ചെ 1.30 വരെയായിരുന്നു പണിമുടക്ക്. ഇനി ഡിസംബർ 20നും നഴ്സുമാർ പണിമുടക്കും.

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ റോയൽ കോളേജ് ഒഫ് നഴ്സിംഗ് (ആർ.സി.എൻ) ട്രേഡ് യൂണിയനിലെ ഒരു ലക്ഷത്തിലേറെ നഴ്സുമാരാണ് പണിമുടക്കുന്നത്. ആർ.സി.എന്നിന്റെ 106 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സ് പണിമുടക്കാണിത്.

കീമോ തെറാപ്പി, കിഡ്നി ഡയാലിസിസ്, ഐ.സി.യു, കുട്ടികളുടെ അപകടം തുടങ്ങിയ അടിയന്തര പരിചരണങ്ങൾക്ക് നഴ്സുമാർ സഹകരിച്ചെങ്കിലും ആശുപത്രികളുടെ പതിവ് സേവനങ്ങളെ കാര്യമായി ബാധിച്ചു.

ശമ്പള വർദ്ധനവിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ജീവിത ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ ശമ്പളത്തിൽ 19 ശതമാനം വർദ്ധനവാണ് ആർ.സി.എൻ ആവശ്യപ്പെടുന്നത്. എന്നാൽ, രാജ്യത്തെ മറ്റ് പല സാമ്പത്തിക സമ്മർദ്ദങ്ങളും കണക്കിലെടുക്കുമ്പോൾ ഈ ആവശ്യം താങ്ങാനാവുന്നതല്ലെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

Advertisement
Advertisement