വേലനിലത്ത് വീണ്ടും കുറുനരി, ഒരാളെ കടിച്ചു.

Saturday 17 December 2022 12:00 AM IST

മുണ്ടക്കയം. മുണ്ടക്കയം പഞ്ചായത്തിലെ വേലനിലം സീവ്യു കവലയിൽ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നയാളിന് കുറുനരിയുടെ അക്രമണത്തിൽ പരിക്കേറ്റു. മുഖത്തും കൈകാലുകളിലും മുറിവേറ്റ കുറ്റിയാനിക്കൽ ജോസുകുട്ടി (55) കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ആക്രമണത്തിനിടെ പ്രാണരക്ഷാർത്ഥം ജോസുകുട്ടി കുറുനരിയെ അടിച്ചുകൊന്നു.

ഇന്നലെ രാവിലെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടയിൽ കുറുനരി ആക്രമിക്കുകയായിരുന്നു.രക്ഷപ്പെടാനായി സമീപത്തെ ഇടവഴിയിലേയ്ക്ക് ചാടിയ ജോസ് വീണുപോയതോടെ കുറുനരി വീണ്ടും കടിച്ചു.

എരുമേലി ഫോറസ്റ്റ് ഡപ്യൂട്ടി റെയിഞ്ചർ കെ.വി.ഫിലിപ്പിന്റെ നേതൃത്വത്തിൽ വനപാലകരെത്തി ചത്ത കുറുനരിയെ കൊണ്ടുപോയി. കാഞ്ഞിരപ്പളളി വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ.ബിനു ഗോപിനാഥ് കുറുനരിയുടെ പോസ്റ്റ്മോർട്ടം നടത്തി പേവിഷ പരിശോധനയ്ക്കായി തിരുവല്ല പക്ഷി രോഗ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച ഗ്രാമ പഞ്ചായത്തംഗം ജോമി തോമസിനെയും ഒരു കുറുനരി ആക്രമിച്ചിരുന്നു. വീണ്ടും കുറുനരി ആക്രമണം ഉണ്ടായതോടെ നാട് ഭീതിയിലാണ്.

മെമ്പറെ കടിച്ച കുറുനരിക്ക് പേ വിഷബാധ.

അതേസമയം പഞ്ചായത്ത് മെമ്പറെ അക്രമിച്ച കുറുനരിക്ക് പേ വിഷബാധയെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി. കുറുനരിയുടെ മരണകാരണം അടിയേറ്റല്ല, വെടിയേറ്റാണന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ പത്തിനു പുലർച്ചെയാണ് ജോമി തോമസ് മകളെ ബസ്സിൽ കയറ്റിവിട്ടു മടങ്ങുമ്പോൾ കുറുനരിയുടെ അക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കുറുനരിയുടെ ആക്രമണത്തിൽ നിന്ന് തന്നെയും കുടുംബാംഗങ്ങളെയും രക്ഷിക്കുന്നതിനായി കമ്പി പാര ഉപയോഗിച്ചു തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് വനപാലകർക്കു നൽകിയ മൊഴി. കുഴിച്ചിട്ട കുറുനരിയെ പുറത്തെടുത്ത വനപാലകർ പോസ്റ്റ് മോർട്ടം നടത്തിയശേഷം പേ വിഷപരിശോധനക്കായി അയയ്ക്കുകയായിരുന്നു.