ആഘോഷരാവുകൾക്കായി എംഡിഎംഎ വരുന്നു,

Saturday 17 December 2022 12:00 AM IST

കോട്ടയം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ പാർട്ടികൾക്കായി എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വൻ തോതിൽ എത്തിച്ചേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പൊലീസ്-എക്‌സൈസ് സംഘങ്ങൾ പരിശോധന കർശനമാക്കി.

വാഗമൺ, കുമരകം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ മുഖ്യമായും ലക്ഷ്യമിട്ടിട്ടുള്ളത്. മുൻപ് പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായി വാഗമണ്ണിൽ നടന്ന ലഹരി പാർട്ടി വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന ശക്തിപ്പെടുത്തിയിട്ടുള്ളത്. അതിർത്തികളിലും പരിശോധന കാര്യക്ഷമമാക്കി. ഹോട്ടലുകളിലും എക്‌സൈസും പൊലീസും പ്രത്യേക നിരീക്ഷണം നടത്തും. . സംശയം തോന്നുന്ന സംഘങ്ങൾ മുറികൾ ബുക്ക് ചെയ്താൽ അറിയിക്കണമെന്നും നിർദേശമുണ്ട്. അശയവിനിമയം വേഗത്തിലാക്കാൻ ഹോട്ടൽ ഉടമകളുടെയും പൊലീസിന്റെയും സംയുക്ത വാട്‌സാപ് ഗ്രൂപ്പുകളും ആരംഭിച്ചു. ഹൗസ് ബോട്ട് ഉടമകൾക്കും പ്രത്യേക നിർദേശം നൽകി.

പിടിച്ചത് മാരക ലഹരി.

അടുത്തിടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. മുൻപ് ക്രിസ്മസ് സീസണിൽ വാറ്റും വാഷും കഞ്ചാവുമൊക്കെ പിടികൂടിയിരുന്നെങ്കിലും കൂടിയ അളവിൽ എം.ഡി.എം.എ പിടികൂടുന്നത് ഇതാദ്യമായാണ്. ബംഗളൂരുവിൽ നിന്ന് കൊച്ചി വഴി ജില്ലയിൽ ഇതെത്തിക്കുന്ന സംഘം നിരീക്ഷണത്തിലാണ്.

ഹോട്ടലുകൾക്ക് കർശന നിർദേശം.

ഡി.ജെ.പാർട്ടികളുടെ വിശദാംശങ്ങൾ അറിയിക്കണം.

ഏത് സമയവും മിന്നൽ പരിശോധന നടത്തും.

സംയുക്ത പരിശോധനയ്ക്ക് പൊലീസും എക്‌സൈസും.

എക്സൈസ് അധികൃതർ പറയുന്നു.

ഡി.ജെ.പാർട്ടികൾ നടത്താമെങ്കിലും ലഹരി ഉപയോഗം ഒരുതരത്തിലും അനുവദിക്കില്ല. ക്രിസ്മസ്‌, ന്യൂ ഇയർ പ്രമാണിച്ച് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ പ്രത്യേകമായി പ്രവർത്തനം തുടങ്ങി.