കവുങ്ങിൻപാള പൂവിട്ടു!
കോട്ടയം. കുടുംബശ്രീയുടെ ദേശീയ സരസ് മേളയിലേക്ക് മലപ്പുറത്തുകാരി ഷാഹിന എത്തിയത് മനം മയക്കുന്ന പൂക്കളുമാണ്. ഒറ്റ നോട്ടത്തിൽ കണ്ണുടക്കി പോവുന്നത്ര സുന്ദരം. എന്നാൽ ഈ പൂക്കൾ കവുങ്ങിൻ പാള കൊണ്ടും അടയ്ക്ക കൊണ്ടും പുല്ലുകൊണ്ടുമൊക്കെ നിർമ്മിച്ചതാണെന്ന് പറഞ്ഞാൽ അത്ര വേഗം ആരും വിശ്വസിക്കില്ല. അരീക്കോട് കീഴിശേരി സ്വദേശിയായ ഷാഹിന തിളക്കം കുടുംബശ്രീ അംഗമാണ്. പത്തു വർഷമായി പൂക്കളുണ്ടാക്കുന്നു. കവുങ്ങിൻ പാള, അടയ്ക്കാ തോട്, സോളാർവുഡ് , കമ്പത്തോൽ എന്നിവകൊണ്ട് പൂക്കളുണ്ടാക്കും. പുല്ല്, വിത്ത്, പാളപ്പൂവ് എന്നിവ ഉപയോഗിച്ച് പൂചെണ്ടുകൾ ഉണ്ടാക്കും. നെൽപതിര്, മുള എന്നിവ ഉപയോഗിച്ചാണ് വേസ് നിർമ്മാണം.
പൂക്കൾക്ക് 20, 30, 40 എന്നിങ്ങനെയാണ് വില. ഫ്ലവർ വേസിൽ വെച്ച് തരുന്നതിന് 150 രൂപ നൽകണം. വീടിനകത്ത് അലങ്കരിക്കാൻ കവുങ്ങിൻ പാളപ്പൂക്കൾ ഉത്തമമാണ്. വെയിലോ ഈർപ്പമോ തട്ടാതിരുന്നാൽ പത്തു വർഷത്തോളം നിലനിൽക്കുമെന്ന് ഷാഹിന ഉറപ്പ് പറയുന്നു. നിറം മങ്ങുകയാണെങ്കിൽ അനുയോജ്യമായ കളർ ചെയ്ത് വീണ്ടും ഉപയോഗിക്കാം. ചെറുപ്പം മുതലേ ഇത്തരം വർക്കുകളോടാണ് ഷാഹിനയ്ക്ക് താത്പര്യം. വിവാഹത്തിന് ശേഷം പൂക്കൾ നിർമ്മിക്കുന്നതിൽ മാത്രമായി ശ്രദ്ധ. കാർട്ടൂണിസ്റ്റായ ബഷീറാണ് ഭർത്താവ്. കോഴിക്കോട് നടന്ന മേളയിൽ ഒരു ലക്ഷം രൂപയുടെ കച്ചവടം നടന്നു. രണ്ട് സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികളെ പൂവ് ഉണ്ടാക്കാൻ പഠിപ്പിച്ചെന്നും അവർ സ്വയം സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും ഷാഹിന സന്തോഷത്തോടെ പറയുന്നു.