റബ്ബർ കർഷകർക്ക് ന്യായവില ഉറപ്പ് വരുത്തുമെന്ന് റബ്ബർ ബോർഡ് ദേശീയചെയർമാൻ

Friday 16 December 2022 9:39 PM IST
റബ്ബർ ബോർഡ് ദേശീയ ചെയർമാൻ സവാർ ധനാനിയ വാർത്താ സമ്മേളനത്തിൽ

തലശ്ശേരി: റബ്‌കോ പോലുള്ള രാജ്യത്തെ മാതൃകാപരമായ സഹകരണ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാൻ ദേശീയ റബ്ബർ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്ന് റചെയർമാൻ ഡോ. സവാർ ധനാനിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റബ്ബർ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റബ്ബർ കർഷകർക്ക് ദോഷം ചെയ്യുന്ന വിധത്തിലുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തും.പ്ലാന്റേഷന് ആവശ്യമായ ധനസഹായം ലഭ്യമാക്കും.റബ്‌കോ ഫാക്ടറിയിലുണ്ടാവുന്ന വേസ്റ്റ് ഫൈബറാക്കി മാറ്റാൻ നാനൂറു കോടി രൂപ ചെലവിലുള്ള നൂതന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ പറഞ്ഞു.

സൗരോർജ്ജ പ്ളാന്റ് ഉദ്ഘാടനം ഇന്ന്

അനെർട്ട് - റബ്‌കോ പദ്ധതി പ്രകാരം ചോനാടം ഫാക്ടറിയിൽ റബ്ബർ തടി സംസ്‌ക്കരണ സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് നിയമസഭാ സ്പീക്കർ അഡ്വക്കേറ്റ് എ.എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് റബ്‌കോ ചെയർമാൻ കാരായി രാജൻ പറഞ്ഞു.

പ്രതിമാസം ഈ പ്ലാന്റിൽ നിന്ന് 42000 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. ഒരു യൂണിറ്റിന് 5.90 രൂപയാണ് അനെർട്ട് റബ്‌കോവിൽ നിന്ന് ഈടാക്കുന്നത്. ആറര വർഷം കൊണ്ട് അനെർട്ട് മുടക്കിയ തുക തിരിച്ച് ലഭിക്കുന്നതോടെ സൗരോർജ്ജ പ്ലാന്റ് റബ്‌കോവിന് സ്വന്തമാകും. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ പി.വി.ഹരിദാസൻ, ഫാക്ടറി മാനേജർ ശ്രീജേഷ്, ഡയറക്ടർ എം.പ്രസന്ന എന്നിവരും സംബന്ധിച്ചു.