കാട്ടാനയ്ക്കും കടുവയ്ക്കുമിടയിൽ

Saturday 17 December 2022 12:00 AM IST

ഒരു വശത്ത് കടുവയുടെ മുരൾച്ച. മറുവശത്ത് കാട്ടാനയുടെ ചിന്നംവിളി. രണ്ടിനുമിടയിൽ ഭീതിയോടെ കണ്ണൂരിലെ മലയോര ജനത. കാട്ടാന മാത്രമായിരുന്നു കുറച്ചുകാലമായി ഭീഷണിയായിരുന്നത്. കടുവകൂടി രംഗപ്രവേശം ചെയ്തതോടെ ഭീതി വർദ്ധിച്ചിരിക്കുകയാണ്. കടുവയ്ക്കും കാട്ടാനയ്ക്കുമിടയിൽപ്പെട്ട് പുറത്തിറങ്ങാൻ പോലുമാകാതെ ഭീതിയോടെ കഴിയുകയാണ് പാവപ്പെട്ട കർഷകരടങ്ങുന്ന വലിയൊരു സമൂഹം. കുട്ടികൾ സ്കൂളിലും തൊഴിലാളികൾ ജോലിക്കും പോകാറില്ല. വീടുകളിൽ പലതും പട്ടിണിയിലാണ്.

ഇക്കഴിഞ്ഞ ഒന്നിനാണ് ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിൽ കടുവയെ കണ്ടത്. ഇരിട്ടി- കൂട്ടുപുഴ അന്തർസംസ്ഥാന പാത മുറിച്ചു കടക്കുന്ന കടുവയെ കഴിഞ്ഞദിവസം രാത്രി കൂട്ടുപുഴയിൽ നിന്നും വരികയായിരുന്ന കാർ യാത്രികരാണ് ആദ്യമായി കണ്ടത്. ഇതേപ്രദേശത്ത് കാട്ടാന കൂടിയിറങ്ങിയതോടെ ചെകുത്താനും കടലിനുമിടയിലായി പ്രദേശവാസികൾ. ആറളം ഫാമിലേക്ക് കടന്നിരിക്കുകയാണ് കടുവ. കർണാടകവനത്തിൽ നിന്നുള്ള കാട്ടാന ഭീഷണി നേരിടുന്ന ഫാമിൽ കടുവാഭീഷണി കൂടിയായതോടെ പ്രദേശത്തെ ജനജീവിതം താളംതെറ്റി.

അയ്യൻകുന്നിലെ ഉളിക്കൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ആറളം ഫാമിലേക്ക് കയറിയ കടുവയെ കണ്ടെത്താൻ കഴിയാത്തത് വനംവകുപ്പിനും അധികാരികൾക്കും തലവേദനായായി. കടുവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ആറളം ഫാം അഞ്ചാം ബ്ലോക്കിലെ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്. ഇങ്ങോട്ടു തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കയറരുതെന്ന് വനംവകുപ്പിന്റെ നിർദേശമുണ്ട്. മലയോരഗ്രാമങ്ങളിൽ കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പതിവാണ്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, മാങ്കുളം, വെള്ളൂന്നി, ഏലപ്പീടിക തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, പന്നിയാംമല, അമ്പായത്തോട്, ചപ്പമല, നെല്ലിയോടി തുടങ്ങിയ പ്രദേശങ്ങളിലുമുള്ള ജനങ്ങളാണ് വർഷങ്ങളായി വന്യജീവിഭീതിയിൽ കഴിയുന്നത്.

ആറളം ഫാം ഒന്നാം ബ്ലോക്കിൽ കാടുകയറിയ കൃഷിയിടത്തിലൂടെ കടുവ നീങ്ങുന്നത് ചെത്തുതൊഴിലാളിയായ അനൂപ് ഗോപാലനാണ് ആദ്യം കണ്ടത്. കടുവയുടെ ദൃശ്യം അനൂപ് മൊബൈലിൽ പകർത്തി. മുണ്ടയാംപറമ്പിൽ നിന്ന് വനപാലകർ കടുവയെ കണ്ടെങ്കിലും ദൃശ്യങ്ങളൊന്നും പകർത്താൻ കഴിഞ്ഞിരുന്നില്ല.

കൊക്കോട് പുഴ കടന്ന് ഫാം രണ്ട് ബ്ലോക്കിൽ കടുവ കടന്നതായി വനംവകുപ്പ് കാൽപ്പാടുകൾ നോക്കി സ്ഥിരീകരിച്ചിരുന്നു. ഫാമിലെ രണ്ടാം ബ്ലോക്ക് വഴി ആറളം വന്യജീവിസങ്കേതത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒന്നാം ബ്ലോക്കിൽ വീണ്ടും കടുവയെ കണ്ടതോടെ വനംവകുപ്പിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ഈ വർഷം ആദ്യം ചെത്തുതൊഴിലാളി റിജേഷിനെ കാട്ടാന ചവിട്ടിക്കൊന്നതും ഇതേ ബ്ലോക്കിൽതന്നെയായിരുന്നു. കടുവ ഇപ്പോഴുള്ള സ്ഥലത്തുനിന്ന് വന്യജീവിസങ്കേതത്തിലേക്ക് എട്ട് കിലോമീ​റ്റർ അകലമുണ്ട്.

അതീവ ജാഗ്രത
കടുവയെ കണ്ടെത്തിയതോടെ ആറളം ഫാം മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫാമിലെ ജനവാസമേഖലയിൽ ആഴിപൂജ ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കുന്നുണ്ട്. ഇവിടങ്ങളിൽ വനംവകുപ്പിന്റെയും പൊലീസിന്റെയും സുരക്ഷാസംവിധാനം ഏർപ്പെടുത്തി.

വന്യമൃഗശല്യം കൂടിയതോടെ പുലർച്ചെയുള്ള റബർ ടാപ്പിംഗ് ജനങ്ങൾ നിറുത്തിയിരിക്കുകയാണ്. പ്രഭാത സവാരിക്ക് പോലും പുറത്തിറങ്ങാൻ ഭയമാണിപ്പോൾ. കൂടുതൽ പ്രതിസന്ധിയിലായത് കർഷകരും, കർഷക തൊഴിലാളികളുമാണ്. ആറളം ഫാമിൽ കടുവയെ കണ്ടിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഫാമിൽ തമ്പടിച്ച കടുവയെ മയക്കുവെടിവച്ച് പിടികൂടി നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഫാമിലെ ആദിവാസി സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു.

നിലവിൽ ആറളം ഫാം ബ്ലോക്ക് അഞ്ചിലാണ് കടുവയുള്ളതെന്നാണ് വനം വകുപ്പിന്റെ നിഗമനം. അഞ്ച് ദിവസമായി ഇവിടുത്തെ കൃഷിയിടത്തിൽ ഒളിഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലെ ജനജീവിതം കടുത്ത ഭീതിയിലാണിപ്പോൾ. അഞ്ചാം ബ്ലോക്കിൽ നിന്നും മറ്റ് ബ്ലോക്കുകളിലേക്ക് കടക്കാനുള്ള സാദ്ധ്യതയുണ്ടെങ്കിലും ഇത് സംബന്ധിച്ച് സൂചനകളൊന്നും വനംവകുപ്പിന് ലഭിച്ചിട്ടില്ല.

കടുവ ഭീഷണി തിരച്ചറിഞ്ഞതോടെ ബ്ലോക്കിന്റെ പ്രവർത്തനം പൂർണമായി നിറുത്തിവച്ചു. ഈ ബ്ലോക്കിൽ 40 തൊഴിലാളികളിൽ കുറച്ചുപേർ മാത്രമാണ് ജോലിക്കെത്തുന്നത് .

സ്ഥിരം തൊഴിലാളികൾക്കും താത്‌കാലിക തൊഴിലാളികൾക്കും ജോലിയിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. കഴിഞ്ഞദിവസം ബ്ലോക്ക് അടച്ച് തൊഴിലാളികളെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റിയിരുന്നു. കൊട്ടിയൂർ റെയ്ഞ്ചർ സുധീ‌ർ നേരോത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

കർഷകർ

എന്ത് കാട്ടാനാ ?​

ആറളം ഫാമിലെ കാട്ടാന - കടുവ ഭീഷണിയിൽ നട്ടം തിരിയുകയാണ് കർഷകർ. ഫാം ഒൻപതാം ബ്ലോക്കിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ചുറ്റു മതിൽ ആന തകർത്തു. ലക്ഷങ്ങൾ മുടക്കി അടുത്തിടെ നിർമ്മിച്ച ചുറ്റുമതിൽ 20 മീറ്ററോളം ഭാഗമാണ് തകർത്തത്. ആറളം ഫാം കാർഷിക നഴ്സറിയുടെ ഒന്നര ഏക്കർ സ്ഥലത്തെ കുരുമുളക് കൃഷിയും കഴിഞ്ഞ ദിവസം നശിപ്പിക്കുകയുണ്ടായി. മൂന്ന് ആനകളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഇതിന് മുൻപ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തും കടവിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. വ്യാപകമായി കാർഷികവിളകളും നശിപ്പിച്ചു.

വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും കാട്ടാന നശിപ്പിച്ചു. വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് പൂർത്തിയാക്കാത്തതും പൂർത്തിയായവ യഥാസമയം അ​റ്റകു​റ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ നിരീക്ഷിക്കുന്നതിനാൽ ഫാമിനകത്തെ കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. 20 ഒാളം കാട്ടാനകളെങ്കിലും ഫാമിന്റെ അധീനതയിലുള്ള സ്ഥലത്തുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Advertisement
Advertisement