ഹാൻവീവിലെ സമരം : യൂണിയൻ പറഞ്ഞാൽ പിന്തിരിയില്ലെന്ന് ചെയർമാൻ

Friday 16 December 2022 10:14 PM IST

സമരം കൊണ്ട് എന്തു നേടി

കണ്ണൂർ: യൂണിയൻ പറയുന്നത് കേട്ട് പിന്തിരിഞ്ഞ് പോകാൻ താനില്ലെന്ന് ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ.സ്ഥാപനത്തിലുണ്ടായ സൗഹൃദാന്തരീക്ഷം ദുർബലപ്പെടുത്താൻ കഴിഞ്ഞുവെന്നല്ലാതെ സമരം നടത്തിയിട്ട് എന്ത് നേട്ടമാണ് തൊഴിലാളികൾക്കുണ്ടായതെന്ന് തനിക്കറിയില്ലെന്നായിരുന്നു സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം കൂടിയായ അദ്ദേഹത്തിന്റെ അഭിപ്രായം.

നേരത്തെയുണ്ടായ പ്രശ്നത്തിൽ എന്തിനാണ് നിലവിലുള്ള എം.ഡിയെ അധിക്ഷേപിച്ചത് .മുൻപുണ്ടായ പ്രശ്നത്തിൽ ഇപ്പോഴത്തെ എം.ഡിയെ പറഞ്ഞിട്ട് എന്തു കാര്യമാണുള്ളത്.2004 മുതൽ ശമ്പള പരിഷ്ക്കരണമുണ്ടാക്കത്തതാണ് നിലവിലെ പ്രശ്നം.എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിട്ടും ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാൻ കഴിഞ്ഞില്ല.അന്ന് യൂണിയനുകൾ ഇവിടെ ഉണ്ടായിട്ടില്ലേ.അന്നത്തെ പ്രശ്നത്തിന് ഇപ്പോഴത്തെ എം.ഡിയെയും ചെയർമാനെയും പറഞ്ഞിട്ട് എന്താണ് കാര്യം- ഗോവിന്ദൻ യൂണിയൻ സമരത്തിനെതിരെ തുറന്നടിച്ചു.

രണ്ട് മാസത്തെ ശമ്പളമാണ് തൊഴിലാളികൾക്ക് കുടിശ്ശികയായുള്ളത്.സർക്കാർ അഞ്ച് കോടി രൂപയോളം ഹാൻവീവിന് നൽകുവാനുണ്ട്. സാമ്പത്തിക ഞെരുക്കം കൊണ്ടാണ് സർക്കാർ ഫണ്ട് വൈകുന്നത്. ഇത് ലഭിച്ചാലുടൻ തൊഴിലാളികളുടെ വേതനം നൽകും.ചെ‌യർമാനായി സ്ഥാനമേറ്റതിനു ശേഷം ഹാൻവീവിൽ 24 കോടി രൂപയുടെ വിൽപ്പന നടന്നു.കോർപ്പറേഷനിൽ കെട്ടികിടക്കുന്ന തുണിത്തരങ്ങൾ ബോർഡിന്റെ പ്രത്യേക സമിതിയെ വച്ച് മൂല്യനിർണ്ണയം നടത്തി 40 മുതൽ 70 വരെ ഡിസ് കൗണ്ടിൽ വിപണനം ചെയ്യുന്നതിനുള്ള നടപടിയെടുത്തിട്ടുണ്ടെന്നും ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി.

'പ്രശ്നം ഉന്നയിക്കണം,​വ്യക്തിയധിക്ഷേപം ശരിയല്ല​"

"പൊതുമേഖലാസ്ഥാപനത്തിലെ ശമ്പളപരിഷ്കരണം സർക്കാരിൽ നിന്ന് നേടിയെടുക്കേണ്ടതാണ് .ഇപ്പോഴും തൊഴിലാളികൾക്ക് നൽകുന്നത് 2004 ലെ ശമ്പളമാണെന്നത് അത്ഭുതമാണ്. സ്വാഭാവികമായി

യൂണിയൻകാർ പ്രശ്നമുന്നയിക്കണം,പക്ഷെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് തെറ്റിദ്ധരിച്ച് ഒരു സ്ഥാപനത്തിന് നേരെ സമരത്തിലേക്ക് വരുന്നത് ശരിയല്ല.യൂണിയൻകാരുമായി ആലോചിച്ച് തന്നെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്.പക്ഷെ നല്ല രീതിയിൽ പോകുമ്പോൾ ഇത്തരത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല.സ്കൂൾ യൂണിഫോമുമായി ബന്ധപ്പെട്ടാണ് പുറം കരാർ കൊടുക്കേണ്ടി വന്നത്.സ്കൂൾ യൂണിഫോമിന് 28 ലക്ഷം മീറ്റർ തുണി വേണം.തൃശൂർ മുതൽ കാസർകോട് വരെ 48 കളർ കോഡ് തുണിയെത്തിക്കേണ്ട ചുമതല ഹാൻവീവിനാണ്.ഇതിനായി 200 തൊഴിലാളികൾ പണിയെടുക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിൽ പുറം കരാർ കൊടുത്തിട്ടുണ്ട്.ജൂൺ ഒന്നിന് യൂണിഫോമെത്തിക്കാൻ പറ്റിയില്ലെങ്കിൽ ഹാൻവീവ് മാത്രമല്ല സർക്കാരും പഴി കേൾക്കേണ്ടി വരും.ഇതിനാണ് പുറം കരാർ.എം.ഡിക്കെതിരായ ജെയിംസ് മാത്യുവിന്റെ അധിക്ഷേപം പെട്ടെന്നുണ്ടായ രോഷം കൊണ്ടുണ്ടായതാവാം ' - ചെയർമാൻ പറയുന്നു