വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തെന്ന് പരാതി​

Saturday 17 December 2022 3:44 AM IST

പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയുടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അലുമിനിയം ഷീറ്റുകൾ ഓർഡർ ചെയ്ത് പണം തട്ടിയതായി പരാതി. പെരുമ്പാവൂർ കലൂർ സ്റ്റീൽസ് ഉടമയും വ്യാപാരിവ്യവസായി ഏകോപന സമിതി മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ സി.കെ. അബ്ദുള്ളയാണ് പെരുമ്പാവൂർ പൊലീസി​ൽ പരാതി നൽകിയിരിക്കുന്നത്. മുടിക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ പ്ലൈവുഡ് കമ്പനിയുടെ ഉടമയാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺ വന്നത്. തുടർന്ന് ഉടമയുടെ മകനാണെന്നും പരിചപ്പെടുത്തി കമ്പനിയിലേക്ക് പൈപ്പുകളും മേച്ചിൽ ഷീറ്റുകളും വേണമെന്ന് ആവശ്യപ്പെട്ടു. സാധനങ്ങളും ബില്ലും ഒരു വാഹനത്തിൽ കൊടുത്തു വിടണമെന്നും കമ്പനിയിൽ എത്തുമ്പോൾ ഡ്രൈവറുടെ കൈവശം ബിൽതുക നൽകാമെന്നും പറഞ്ഞു. തുടർന്ന് കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ച ഇയാൾ വരുന്ന വഴിക്ക് ഒരു പൊതി ഒരാൾ വാഹനത്തിൽ ഏൽപ്പിക്കുമെന്നും അയാൾക്ക് 5000 രൂപ നൽകണമെന്നും ഈ തുകയും ബിൽതുകയും ഒരുമിച്ച് കമ്പനിയിൽ നിന്ന് കൊടുത്തുവിടാമെന്നും പറഞ്ഞു. ഇതനുസരിച്ച് പണവും നൽകി സാധനങ്ങൾ കമ്പനിയിൽ എത്തിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായതെന്ന് സി.കെ. അബ്ദുല്ല നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന്‌ സാധനങ്ങൾ ഇറക്കാതെ വണ്ടി തിരികെ പോന്നെന്ന് പരാതി​യി​ൽ പറയുന്നു. നവംബർ 29നാണ് സംഭവം.