മാലിന്യ നിക്ഷേപം നടത്തിയ വാഹനം കണ്ടുകെട്ടി, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Saturday 17 December 2022 3:48 AM IST

തിരുവനന്തപുരം:കൊച്ചുവേളി എം.എസ്.എം.ഇ റസിഡന്റ്‌സ് അസോസിയേഷൻ മേഖലയിൽ രാത്രിയിൽ മാലിന്യ നിക്ഷേപം നടത്തിയ വാഹനം ഗതാഗതവകുപ്പ് കണ്ടുകെട്ടി. ഡ്രൈവറുടെ ലൈസൻസ്‌ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഗതാഗതവകുപ്പ് മന്ത്രിക്ക് ഇമെയിൽ വഴി ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്.

നവംബർ 12ന് രാത്രി 11ഓടെയാണ് കെ.എൽ 43 എച്ച് 7563 നമ്പർ ടാറ്റ എയ്‌സ്‌ വാഹനത്തിൽ കയറ്റികൊണ്ടു വന്ന മാലിന്യം കൊച്ചുവേളി എം.എസ്.എം.ഇ റസിഡന്റ്‌സ് അസോസിയേഷൻ മേഖലയിൽ നിക്ഷേപിച്ചത്. ഇക്കാര്യം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഗതാഗതവകുപ്പ് മന്ത്രിക്ക് ഇമെയിലായി പരാതി സമർപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ വാഹനം ഉടമയെ കണ്ടെത്തുകയും ഇയാളെയും ഡ്രൈവറെയും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് വാഹനം കണ്ടുകെട്ടി മുനിസിപ്പാലിറ്റി ആക്ട് പ്രകാരമുള്ള നടപടികൾക്കായി നഗരസഭയ്‌ക്ക് കൈമാറി. ഡ്രൈവർ എസ്.റിയാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.