പീഡനക്കേസുകളിൽ പ്രതിയായ സി.ഐ ഒളിവിൽ, ഒത്തുകളിച്ച് പൊലീസ്

Saturday 17 December 2022 3:50 AM IST

തിരുവനന്തപുരം: രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സി.ഐ എ.വി.സൈജുവിനെ പിടികൂടാതെ ഒത്തുകളിച്ച് പൊലീസ്. സസ്‌പെൻഷനിലായ സി.ഐ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മലയിൻകീഴിലും കൊച്ചി കൺട്രോൾ റൂമിലും ഇൻസ്‌പെക്ടറായിരുന്ന സൈജുവിനെതിരെ മലയിൻകീഴിലെ വനിതാ ഡോക്ടറുടെയും നെടുമങ്ങാട്ടെ അദ്ധ്യാപികയുടെയും പരാതിയിലാണ് കേസുകൾ.

മലയിൻകീഴിലെ കേസിൽ മുൻകൂർ ജാമ്യം നേടാൻ വ്യാജരേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൈജുവിനെ സഹായിച്ച റൈറ്ററെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. പീഡന പരാതി നൽകിയതിനു പിന്നാലെ പരാതിക്കാരിയും ഭർത്താവും സൈജുവിന്റെ ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരിയുടെ ഭർത്താവ് സി.ഐയുടെ മകളെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ അറസ്റ്റിന് സി.ഐ നീക്കം നടത്തുന്നതായാണ് ആക്ഷേപം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു.