ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
ന്യൂഡൽഹി: സുപ്രീം കോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. വൈദ്യുതി മോഷണം നടത്തിയതിന് 18 വർഷം വരെ തുടർച്ചയായി ശിക്ഷ അനുഭവിക്കാൻ ഉത്തരവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഇന്നലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന് പരോക്ഷ മറുപടി നൽകിയത്. ഇത്തരം ആളുകളുടെ പരാതികൾ കേൾക്കാനാണ് ഇവിടെ ഇരിക്കുന്നതെന്നും എത്ര വൈകിയാണെങ്കിലും അവ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടുന്നില്ലെങ്കിൽ പിന്നെ ഞങ്ങളെന്താണ് ഇവിടെ ചെയ്യേണ്ടതെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു.
വൈദ്യുതി മോഷണക്കേസിൽ കുറ്റം സമ്മതിച്ച പ്രതിയെ ഒമ്പത് കേസുകളിലായി രണ്ട് വർഷം വീതം ശിക്ഷിക്കുകയും ചെയ്തു. ശിക്ഷകൾ ഒരേ സമയം നടപ്പിലാക്കുന്നതിന് പകരം തുടർച്ചയായി 18 വർഷം അനുഭവിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഏഴ് വർഷം ശിക്ഷ അനുഭവിച്ചെന്ന് വ്യക്തമാക്കിയ കോടതി ഒമ്പത് കേസുകളിലെയും ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന് ഉത്തരവിട്ട് അപ്പീൽ തീർപ്പാക്കി.