ബീഹാറിലെ മദ്യ ദുരന്തം: നഷ്‌ട പരിഹാരം നൽകില്ലെന്ന് നിതീഷ്

Saturday 17 December 2022 1:07 AM IST

ന്യൂഡൽഹി: മദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. മദ്യപിച്ചാൽ നിങ്ങൾ മരിക്കുമെന്ന് ജനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചതുകൊണ്ടാണ് ദുരന്തമുണ്ടായത്. അങ്ങനെയുള്ളവർക്ക് നഷ്ടപരിഹാരം നല്കാനാവില്ല. മദ്യപിക്കരുതെന്ന് തങ്ങൾ വളരെക്കാലമായി അപേക്ഷിക്കുകയാണ്. മദ്യപാനത്തിലൂടെ നിങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മദ്യം കഴിച്ചാൽ മരിക്കുമെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് നിതീഷ് തന്റെ അഭിപ്രായം ആവർത്തിച്ചത്.

അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും നിതീഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ നിയമസഭയിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തും പ്രതിഷേധം തുടരുകയാണ്. എന്നാൽ മദ്യ നിരോധനമുള്ള സംസ്ഥാനത്ത് പ്രതിപക്ഷം മദ്യ വില്പനയ്ക്കായി വാദിക്കുകയാണെന്ന് നിതീഷ് പ്രതികരിച്ചു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ബീഹാറിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധന നയം തുടരുന്നതിൽ ഉറച്ചുനിൽക്കുന്നു. ഈ നയം ഒരുപാട് പേർക്ക് പ്രയോജനപ്പെട്ടു. ധാരാളം ആളുകൾ മദ്യപാനം ഉപേക്ഷിച്ചെന്നും നിതീഷ് കൂട്ടിച്ചേർത്തു.

 മരണം 60

ഇന്നലെ അഞ്ചു പേർ കൂടി മരിച്ചതോടെ ദുരന്തത്തിന് ഇരയായവരുടെ എണ്ണം 60 ആയി. ചികിത്സയിലുള്ള പലരും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

അതേസമയം സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ബീഹാർ സ‌ർക്കാരിന് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്‌ക്കുള്ളിൽ വിശദീകരണം നല്കാനാണ് കമ്മിഷൻ സർക്കാരിനോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുള്ളത്.