രൺ​ജി​ത്ത് ശ്രീനിവാസ് വധക്കേസ് : സാക്ഷി വിസ്താരം ജനുവരി 16ന്

Saturday 17 December 2022 12:20 AM IST
രൺ​ജി​ത്ത് ശ്രീനിവാസ്

മാവേലിക്കര: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺ​ജി​ത്ത് ശ്രീനിവാസ് കേസിലെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചു. വയലാറിൽ നന്ദു കൃഷ്ണ എന്ന ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഏതു സമയവും തിരിച്ചുള്ള ആക്രമണമുണ്ടാകുമെന്നും അപ്രകാരം കൊല ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗൂഡാലോചന നടത്തി തയ്യാറാക്കി. തുടർന്ന് ഡിസംബർ 18ന് രാത്രിയിൽ വ്യത്യസ്ത സമയങ്ങളിലായി നടത്തിയ ഗൂഡാലോചനയുടെയും മുന്നൊരുക്കത്തിന്റെയും ഫലമായി ഒന്നു മുതൽ പന്ത്രണ്ട് വരെ പ്രതികൾ വാഹനങ്ങളിലായി രൺ​ജി​ത്ത് ശ്രീനിവാസന്റെ വീടിന് സമീപമെത്തി. വീടിനുള്ളിലേക്ക് ഒന്നു മുതൽ എട്ടുവരെ പ്രതികൾ അതിക്രമിച്ച് കയറി മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് മുറിയുടെ മുകളിൽ വരെ രക്തം തെറിച്ച് വീഴുന്ന രീതിയിൽ മാരകമായി ആക്രമിച്ചുവെന്നും തടയുവാൻ ശ്രമിച്ച രഞ്ജിത്തിന്റെ അമ്മയെയും ഭാര്യയെയും ആക്രമിച്ചുവെന്നും തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും ആക്രമിച്ചു തകർത്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

കേസിൽ തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തിൽ പ്രതികൾ സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കത്തിച്ചു കളയുവാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പരാമർശമുണ്ട്‌. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കൽ കോടതിയിൽ ആവശ്യപ്പെട്ട രീതിയിൽ കൊലപാതകം, ഗൂഡാലോചന, അന്യായമായ സംഘം ചേരൽ, ലഹള, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തപ്പെട്ടത്. ഇന്നലെ കേസ് പരിഗണിച്ച സമയം കോടതി മാറ്റത്തിനായി പ്രതികൾ പുതിയ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തതായി പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതിയുടെ യാതൊരു ഇടപെടലും നിലവിൽ ഇല്ലാത്തതിനാൽ പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം വായിക്കുന്നതിനും കേസ് വിചാരണക്ക് സാക്ഷികൾക്ക് സമൻസ് അയക്കുന്നതിനും നിലവിൽ യാതൊരു തടസവുമില്ലയെന്ന കാര്യം പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് ജനുവരി 16 മുതൽ സാക്ഷി വിസ്താരം ആരംഭിക്കുവാൻ കോടതി ഉത്തരവിടുകയായിരുന്നു. കേസിൽ പ്രഥമ വിവരമൊഴി നൽകിയ രജ്ഞിത്തിൻ്റെ അമ്മ വിനോദിനിയെയാണ് ആദ്യം വിസ്തരിക്കുന്നത്.