ഹൃദയം തുറന്ന് ആലപ്പുഴ മെഡി.ആശുപത്രി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയം തുറക്കാതെ ശസ്ത്രക്രിയ വിജയകരമാക്കി ഡോക്ടർമാർ. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ പൂർണ്ണമായും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിവഴി സൗജന്യമായാണ് ഇവിടെ നടത്തിയത്. അതിനൂതന ശസ്ത്രക്രിയ രീതിയായ മിനിമൽ ഇൻവാസിവ് കാർഡിയക് സർജറി അവലംബിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം മടവനമഠം വീട്ടിൽ ശ്രീദേവി (48) ക്കാണ് നെഞ്ചിൻ കൂട് തുറക്കാതെയുള്ള ശസ്ത്രക്രീയ വിജയകരമായി നടത്തിയത്. രോഗിയുടെ ഇടത് വാരിയെല്ലിന്റെ വിടവിലൂടെ ചെറിയ മുറിവുണ്ടാക്കിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ ശസ്ത്രക്രീയയാണിത്.ശരീരത്തെ എല്ലുകൾ മുറിക്കാതെ, നെഞ്ചിൽ ഉണ്ടാകുന്ന അണുബാധ, കലകൾ (പാടുകൾ) എന്നിവ ഒഴിവാക്കാനും, വെന്റിലേറ്റർ സഹായത്തിന്റെ ദൈർഘ്യം കുറയ്ക്കാനും, ആശുപത്രിയിൽ രോഗി ചെലവഴിക്കേണ്ടി വരുന്ന ദിവസങ്ങൾ കുറച്ചും, വേഗത്തിൽ പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിനും ഇത്തരം ശസ്ത്രക്രീയകൾക്ക് സാധിക്കുമെന്നതാണ് പ്രത്യേകത. ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. കെ. ടി .ബിജു, ഡോ. എസ്. ആനന്ദകുട്ടൻ, ഡോ. എ. ഫൈസൽ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. തന്ന, ഡോ. ബ്രിജേഷ്, ഡോ. അശ്വതി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയ ശസ്ത്രക്രിയ രംഗത്തെ അധിനൂതന സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ടെൻഡർ നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്.