ബി.ജെ.പിയെ വീഴ്‌ത്തും,​ കുറിച്ചു വച്ചോളൂ: രാഹുൽ

Saturday 17 December 2022 12:14 AM IST

ന്യൂഡൽഹി: കോൺഗ്രസിനെ വിലകുറച്ച് കാണരുതെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് തങ്ങൾ താഴെയിറക്കുമെന്നും, ഇത് കുറിച്ചു വയ്‌ക്കണമെന്നും രാഹുൽ ഗാന്ധി. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര നൂറു ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്‌പൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാർട്ടിയെയും എന്നെയും അപമാനിക്കാൻ വലിയ ശ്രമമുണ്ട്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രധാന ജോലിയാണിത്. മാദ്ധ്യമങ്ങളും അതിന്റെ ഭാഗമായി. പാർട്ടിക്കെതിരെ ബി.ജെ.പി നടത്തുന്ന വിമർശനങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റുപാടി. ബി.ജെ.പിയെ എതിർക്കാനാകാത്തവരാണ് പാർട്ടി വിട്ടത്. പോരാടുന്നവരെയാണ് കോൺഗ്രസിന് വേണ്ടത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയത് നിർണായക വിജയമാണ്".- രാഹുൽ പറഞ്ഞു.

ലഡാക്ക്, അരുണാചൽ പ്രദേശ് മേഖലകളിൽ അതിർത്തിയിൽ ചൈന യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ കേന്ദ്രസർക്കാർ ഉറങ്ങുകയാണ്. ചൈനയുടെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. മാദ്ധ്യമങ്ങളടക്കം അതിന് പിന്തുണ നൽകുന്നത് ജനം കാണുന്നുണ്ട്. കേന്ദ്രസർക്കാർ തന്ത്രപരമായ നിലപാടുകളില്ലെന്നും രാഹുൽ ആരോപിച്ചു.

 ജോഡോ യാത്ര വിജയം

ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യയിലെ വിജയിക്കൂ എന്നായിരുന്നു ആദ്യ വിമർശനം. മഹാരാഷ്‌ട്രയിൽ വിജയിച്ചപ്പോൾ ഹിന്ദി ബെൽറ്റിൽ ബുദ്ധിമുട്ടുമെന്ന് പറഞ്ഞു. മദ്ധ്യപ്രദേശിൽ ജയിച്ചപ്പോൾ രാജസ്ഥാനിൽ വിഭാഗീയതയുണ്ടെന്നും യാത്ര പരാജയപ്പെടുമെന്നും പറഞ്ഞു. മികച്ച പ്രകടനമാണ് രാജസ്ഥാനിൽ ലഭിച്ചത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വെറുപ്പിന്റെ രാഷ്‌ട്രീയത്തിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യാത്രയ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്

കോൺഗ്രസിനെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും അവരെ ശരിയായി ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പ് ജയിക്കാമെന്നും രാഹുൽ പറഞ്ഞു.

Advertisement
Advertisement