മോദിക്കെതിരായ പരാമർശം, പാക് മന്ത്രിക്കെതിരെ പ്രതിഷേധം

Saturday 17 December 2022 12:34 AM IST

ന്യൂഡൽഹി: യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെരിതെ ബി.ജെ.പി ഇന്ന് രാജ്യ വ്യാപക പ്രധിഷേധം സംഘടിപ്പിക്കും.

കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ ബിലാവൽ ഭൂട്ടോ കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. അൽ ക്വ ഇദ ഭീകരൻ ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽ രാജ്യത്തിന്റെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് യു.എൻ വേദിയിൽ 'ധർമ്മോപദേശം" നടത്താനുള്ള യോഗ്യതയുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇതിന് തിരിച്ചടി നൽകിയിരുന്നു.

'ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്‌ക്ക് യു.എസ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു" എന്നാണ് മോദിയെ ഉന്നമിട്ട് ബിലാവൽ ഇന്നലെ ആക്ഷേപിച്ചത്. മോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നും ബിലാവൽ പറഞ്ഞു.

 വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചു

ബിലാവലിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര മന്ത്രിമാരും ബിലാവലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാപ്പരത്തമുള്ള രാജ്യത്തെ പ്രതിനിധീകരിക്കുന്ന പാക് വിദേശകാര്യ മന്ത്രിയുടെ ഭാഷയിലൂടെ അദ്ദേഹം മാനസികമായും പാപ്പരാണെന്ന് തെളിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. ബിലാവൽ പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നും അവർ പറഞ്ഞു.

ബിലാവലിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും 1971ൽ ഇന്ത്യൻ സൈന്യത്തോട് പാകിസ്ഥാൻ പരാജയപ്പെട്ടതിന്റെ വേദനയിൽ നിന്ന് അയാൾ ഇപ്പോഴും മുക്തനായിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. കാശ്മീർ, പഞ്ചാബ്, അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, കറാച്ചി എന്നിവിടങ്ങളിലെ ഭീകരതയ്‌ക്ക് ഭൂട്ടോയുടെ പൂർവികർ ഉത്തരവാദികളാണെന്നും കശാപ്പുകാർ ശരിക്കും ആരാണെന്ന് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിലാവലിന്റെ പ്രസ്താവന അപരിഷ്‌കൃതമാണെന്നും പാകിസ്ഥാന് തന്നെ നാണക്കേടാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പരാമർശനത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. ന്യൂഡൽഹിയിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ ബി.ജെ.പി പ്രവർത്തകർ ബിലാവൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.