മോദി-പുട്ടിൻ ഫോൺ സംഭാഷണത്തിൽ യുക്രെയിൻ വിഷയം

Saturday 17 December 2022 5:05 AM IST

ന്യൂഡൽഹി: സംഭാഷണങ്ങളിലൂടെയും നയതന്ത്ര നടപടികളിലൂടെയും യുക്രെയിൻ സംഘർഷത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരന്തര സമ്പർക്കം പുലർത്തണമെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ടെലഫോൺ സംഭാഷണത്തിനിടെയാണ് മോദിയുടെ നിർദ്ദേശം.

സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയായി ഊർജ്ജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി തലത്തിലുള്ള പുരോഗതി ഇരുവരും അവലോകനം ചെയ്‌തു.

ജി-20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ സ്ഥാനം ലഭിച്ച ഇന്ത്യ നടപ്പാക്കാൻ ലക്ഷ്യമിടുന്ന കാര്യങ്ങൾ വിശദീകരിച്ച മോദി, ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും വിവരിച്ചു.