ലിയോ വരാഡ്കർ വീണ്ടും ഐറിഷ് പ്രധാനമന്ത്രി

Saturday 17 December 2022 5:05 AM IST

ഡബ്ലിൻ : ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ (43) വീണ്ടും അയർലൻഡിന്റെ പ്രധാനമന്ത്രിയാകുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ലിയോ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും. നിലവിൽ ഉപപ്രധാനമന്ത്രിയായ ലിയോയ്ക്ക് പ്രധാനമന്ത്രിയായി ഇത് രണ്ടാം ഊഴമാണ്. മുമ്പ് 2017 - 2020 കാലയളവിൽ ഡോക്ടർ കൂടിയായ ലിയോ പ്രധാനമന്ത്രിയായിരുന്നു.

അയർലൻഡിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏ​റ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ലിയോ രാജ്യത്തിന്റെ ചരിത്രത്തിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്.

കൂട്ടുകക്ഷി സർക്കാരിന്റെ ധാരണയനുസരിച്ച് നിലവിലെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ രണ്ടരവർഷ കാലാവധി പൂർത്തിയാക്കിയതിനാലാണ് ലിയോ വീണ്ടും അധികാരത്തിലെത്തുന്നത്. ലിയോയുടെ ഫീന ഗെയ്ൽ ഉൾപ്പെടെ മൂന്ന് പാർട്ടികളാണ് സർക്കാരിലുള്ളത്. ലിയോയുടെ പിതാവ് അശോക് വരാഡ്കർ മഹാരാഷ്ട്ര സ്വദേശിയാണ്. മാതാവ് മിറിയം ഐറിഷ് വംശജയാണ്. ലിയോ ജനിച്ചതും വളർന്നതും അയർലൻഡിലാണ്.