ഹിന്ദുമതത്തിന് എതിരെന്ന് പരാതി, പഠാൻ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബയ് പൊലീസ്
മുംബയ്: പഠാൻ സിനിമയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മുബയ് സ്വദേശിയുടെ പരാതിയിൽ സിനിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സഞ്ജയ് തിവാരിയുടെ പരാതിയിലാണ് മുംബയ് പൊലീസ് സിനിമയ്ക്കെതിരെ കേസെടുത്തത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് സഞ്ജയ് തിവാരി നൽകിയ പരാതിയിൽ പറയുന്നു.
ചിത്രത്തിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സി.ജെ,എം,കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ സുധീർ ഓജയാണ് മുസഫർ നഗർ കോടതിയിൽ പരാതി നൽകിയിട്ടുള്ളത്. കേസ് ജനുവരി 3ന് പരിഗണിക്കും.
ഷാരൂഖ് ഖാൻ നായകനായ പഠാനിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെചൊല്ലിയാണ് വിവാദം ഉടലെടുത്തത്. ഗാനംം ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ളത്.