ഇരുപത്തിയാറ് അവാർഡുകൾ; രാജ്യാന്തര അംഗീകാരത്തികവിൽ തലശ്ശേരി സ്വദേശി

Saturday 17 December 2022 10:10 PM IST

തലശേരി : കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ പുറത്തിറങ്ങിയതിനാൽ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ തലശ്ശേരി സ്വദേശി സുധേഷിന്റെ 'ചങ്ങായി'ക്ക് ലഭിച്ചത് 26 അന്തർദ്ദേശീയ പുരസ്‌ക്കാരങ്ങൾ. ഐവ ഫിലിംസിന്റെ ബാനറിൽ സുധേഷ് തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ടോക്യോ , കുവൈറ്റ് , സിങ്കപ്പൂർ , യുഗോസ്ലാവിയ , മുംബൈ , തമിഴ്നാട് ഫിലിം ഫെസ്റ്റിവലുകൾ, കൊൽക്കത്ത ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ, ജയ്സാൽമീർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഫ്യൂച്ചർ ഓഫ് ഫിലിം അവാർഡ്സ്, ഇന്റർനാഷണൽ മോഷൻ പിക്ചർ ഫെസ്റ്റിവൽ, ഹൊഡു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ചങ്ങായി' നേടി.കേരള ഫിലിം ക്രിട്ടിക്സ് അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു. ചിത്തിരം ഇൻനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്തോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ മേളകളിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം സുധേഷിന് ലഭിച്ചു. മദ്രാസ് ഇൻഡിപ്പെൻ ഡന്റ് ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ ജൂറി അവാർഡും മുംബൈ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും 'ചങ്ങായി'യിലൂടെ സുധേഷ് കരസ്ഥമാക്കി. ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്താനുള്ള നീക്കത്തിലാണ് താനെന്നും സുധേഷ് പറഞ്ഞു. തലശ്ശേരിയിലും പരിസരങ്ങളിലുമാണ് ഈ സിനിമ ചിത്രീകരിച്ചത്.2021ൽ കൊവിഡിന്റെ ഇടവേളയ്ക്കിടയിലാണ് ചങ്ങായി റിലീസ് ചെയ്തത്.തൊട്ടുപിന്നാലെ സിനിമ പിൻവലിച്ചു. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഒ.ടി.ടി പ്ളാറ്റ്ഫോമിലേക്ക് ചങ്ങായിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.