ആട്ടുകൊമ്പ് അമരയും ഭൗമസൂചികയിലേക്ക്

Saturday 17 December 2022 10:24 PM IST

  • കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരിയും പട്ടികയിൽ

തൃശൂർ: അട്ടപ്പാടിയിലെ ആട്ടുകൊമ്പ് അമരയും തുവരയും ഉൾപ്പെടെ അഞ്ച് കാർഷികോത്പന്നങ്ങൾക്കു കൂടി ഭൗമസൂചികാ പദവി. ആലപ്പുഴയിലെ ഓണാട്ടുകര എള്ള്, ഇടുക്കി കാന്തല്ലൂരിലെ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരി എന്നിവയാണ് മറ്റിനങ്ങൾ. ഭൂപ്രദേശത്തിന്റെ സവിശേഷത മൂലം ചില വിളകൾക്കുണ്ടാകുന്ന ഗുണം വിലയിരുത്തിയാണ് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം ഭൗമസൂചിക പദവി നൽകുന്നത്. ഇതു വഴി പ്രാദേശിക-തനത് ഉത്പന്നങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കുന്നതോടൊപ്പം പ്രചാരമേറുകയും കയറ്റുമതി സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും. രൂപഘടനയിലും രാസഘടകങ്ങളിലുമുള്ള സവിശേഷതകൾ തെളിയിച്ചാണ് കാർഷിക സർവകലാശാല, കൃഷിവകുപ്പ്, കർഷക കൂട്ടായ്മകൾ എന്നിവയുടെ ശ്രമഫലമായി പദവി ലഭിച്ചത്.

ആട്ടുകൊമ്പ് പോലെ അമര

ആടിന്റെ കൊമ്പ് പോലെ വളഞ്ഞ അമരയിൽ ഉയർന്ന തോതിലുള്ള ആന്തോസയാനിൻ വയലറ്റ് നിറം നൽകുന്നു. പ്രമേഹത്തിനും ഹൃദ്രോഗത്തിനും നല്ലത്. ജൈവ കൃഷിക്ക് അനുയോജ്യം.

വെള്ളനിറത്തിൽ തുവര

സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും വെള്ളനിറവുമാണ് അട്ടപ്പാടി തുവരമണികൾക്ക്. പച്ചക്കറിയായും പരിപ്പായും ഉപയോഗിക്കുന്നു.

കാൻസറിന് വട്ടവട വെളുത്തുള്ളി

വട്ടവട വെളുത്തുള്ളിയിൽ സൾഫൈഡുകൾ, ഫ്‌ളേവനോയ്ഡ്‌സ് തുടങ്ങിയവ കൂടുതൽ. പ്രമേഹം, കാൻസർ, കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയെ ചെറുക്കുന്ന അല്ലിസിനും തൈലവും ഇതിൽ സമൃദ്ധം.

കൊഴുപ്പ് കുറഞ്ഞ എള്ളും പൊട്ടുവെള്ളരിയും

ഓണാട്ടുകരയിലെ എള്ളിലും എള്ളെണ്ണയിലും ആന്റിഓക്‌സിഡന്റുകളും അപൂരിത കൊഴുപ്പും കൂടുതലുള്ളതിനാൽ ഹൃദ്രോഗികൾക്ക് ഔഷധതുല്യം. കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി, ജ്യൂസായും അല്ലാതെയും ഉപയോഗിക്കുന്നു. മികച്ച ദാഹശമനി.